കുറച്ച് കടകൾ, കൂടുതൽ വരുമാനം; 4000 റേഷൻ കടകൾ പൂട്ടണം: സർക്കാർ സമിതി ശുപാർശ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാലായിരത്തോളം റേഷൻ കടകൾ പൂട്ടി, ബാക്കി കടകളിൽ വിൽപന കൂട്ടാൻ അവസരമൊരുക്കണമെന്നു സർക്കാർ സമിതിയുടെ റിപ്പോർട്ട്. മുൻഗണനേതര വിഭാഗത്തിലെ നീല റേഷൻ കാർഡിൽ അരിവില കിലോയ്ക്ക് 4 രൂപയിൽനിന്ന് 6 രൂപയാക്കണമെന്നും ശുപാർശയുണ്ട്. വ്യാപാരികൾക്കുള്ള കമ്മിഷൻ കൂട്ടുന്നതിനാണിത്.
റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയാണ് സംസ്ഥാനത്തെ 13,872 റേഷൻ കടകൾ പതിനായിരമായി കുറയ്ക്കാനുള്ള ശുപാർശയോടെ റിപ്പോർട്ട് നൽകിയത്. 2023 ഡിസംബറിലെയും മറ്റും കണക്കുകൾപ്രകാരമാണ് റിപ്പോർട്ട്. നിലവിൽ പതിനാലായിരത്തിലേറെ കടകളുണ്ട്.
വിറ്റുവരവു കൂടി നോക്കിയാണു വ്യാപാരികൾക്കു കമ്മിഷൻ. 18,000 രൂപ മിനിമം കമ്മിഷന് 70% വിൽപന വേണം. 45 ക്വിന്റലിനു താഴെയാണു വിൽപനയെങ്കിൽ ഇതു ലഭിക്കില്ല. ഏതു കടയിൽനിന്നും റേഷൻ വാങ്ങാവുന്ന പോർട്ടബിലിറ്റി രീതി വന്നതോടെ ഓരോ കടയിലും എത്ര കാർഡ് റജിസ്റ്റർ ചെയ്യുന്നുവെന്നതിനു പ്രസക്തിയില്ല. അതിനാൽ ഒരു കടയിൽ 800 കാർഡ് ഉടമകളെങ്കിലും എത്തുന്ന രീതിയിൽ എണ്ണം ക്രമീകരിക്കണമെന്നാണു ശുപാർശ. വിൽപനയുടെ തോതനുസരിച്ചുള്ള കമ്മിഷൻ നിരക്കുകളും നിർദേശിക്കുന്ന റിപ്പോർട്ട് തയാറാക്കിയത് റേഷനിങ് കൺട്രോളർ, സിവിൽ സപ്ലൈസ് വകുപ്പിലെ വിജിലൻസ് ഓഫിസർ, ലോ ഓഫിസർ എന്നിവരടങ്ങുന്ന സമിതിയാണ്.
തെക്കൻ ജില്ലകളിൽ കൂടുതൽ കടകൾ
തെക്കൻ ജില്ലകളിലെ റേഷൻ കടകളുടെ എണ്ണം വടക്കൻ ജില്ലകളെ അപേക്ഷിച്ച് കൂടുതലാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാപാരികൾ 70–ാം വയസ്സിൽ വിരമിക്കുമ്പോൾ പകരം മറ്റൊരാൾക്കു കട അനുവദിക്കരുത്. മാസം 15 ക്വിന്റലിൽ താഴെമാത്രം വിൽപനയുള്ള 85 കടകൾ നിലനിർത്തണോയെന്നു പരിശോധിക്കണം. ഒരു ലൈസൻസിയുടെ കീഴിൽ അധികച്ചുമതലയിലുള്ള മറ്റു കടകളെ ലയിപ്പിക്കണമെന്നും ശുപാർശയുണ്ട്.