കടുവ ചത്തത് തലയിൽ വെടിയേറ്റതിനാൽ: പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം

Mail This Article
കുമളി∙ മയക്കുവെടിവച്ചു പിടികൂടുന്നതിനുള്ള ശ്രമത്തിനിടെ അരണക്കല്ലിൽ കടുവ ചാകാൻ കാരണം തലയിൽ വെടിയേറ്റതാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയിൽ 2 വെടിയേറ്റിരുന്നു. 14 വയസ്സുള്ള പെൺകടുവയാണ് ചത്തത്.കടുവയുടെ നെഞ്ചിന്റെ ഭാഗത്ത് ആഴത്തിൽ മുറിവുണ്ട്. ഇരപിടിക്കുന്നതിനിടെ പോത്തിന്റെയോ പശുവിന്റെയോ കൊമ്പുകൊണ്ടുള്ള കുത്തേറ്റതാകാം ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. ഈ മുറിവ് ഉള്ളിലേക്ക് ആഴത്തിൽ കടന്ന് ശ്വാസകോശത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശ്വാസകോശത്തിനേറ്റ മുറിവ് ഗുരുതരമാണെങ്കിലും പെട്ടെന്നുള്ള മരണകാരണം വെടിയേറ്റതു തന്നെയാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.കുരുക്കിൽപെട്ടു കാലിനുണ്ടായ മുറിവും ഗുരുതരമാണ്. മൃഗവേട്ടക്കാർ ചെറുമൃഗങ്ങളെ വേട്ടയാടാൻ തേയിലക്കാട്ടിൽ സ്ഥാപിച്ച കുരുക്കിൽ കാൽ പെട്ടതാകാമെന്നാണു വിലയിരുത്തൽ.
ഈ മുറിവിന് ഒരു മാസത്തിലധികം പഴക്കമുണ്ട്. കുരുക്കു വച്ചവരെ കണ്ടെത്താൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിഎഫ്ഒ പറഞ്ഞു. ഇര തേടാൻ കഴിയാത്ത വിധത്തിൽ കടുവയുടെ കോമ്പല്ലുകൾ തേഞ്ഞുതീർന്നിട്ടുണ്ട്.വനം വകുപ്പിലെ ഡോക്ടർമാരായ ബിനോയ് സി ബാബു, ബി.ജി. സിബി, കുമളി വെറ്ററിനറി ഡിസ്പൻസറിയിലെ ഡോ. ഹേമ സ്വാതി എന്നിവർ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ്, പെരിയാർ കടുവ സംരക്ഷണ കേന്ദ്രം ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് സുരേഷ് ബാബു, ദേശീയ കടുവ സംരക്ഷണ അതോറിറ്റി നോമിനി മാത്യു തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രതിനിധി എം.എൻ. ജയചന്ദ്രൻ, വണ്ടിപ്പെരിയാർ പഞ്ചായത്ത് അംഗം ജെ.പ്രതിഭ, സ്പെഷൽ ബ്രാഞ്ച് എസ്ഐ കെ. ശ്രീധരൻ, തഹസിൽദാർ ജി. ജീവ എന്നിവർ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പ്രകാരം പോസ്റ്റ്മോർട്ടം നടപടികളിൽ നിരീക്ഷകരായിരുന്നു.