സൂരജ് വധക്കേസിലും മാറ്റമില്ലാതെ സിപിഎം നിലപാട്; പ്രതികളെ സഹായിക്കും

Mail This Article
കണ്ണൂർ∙ സിപിഎം വിട്ടു ബിജെപിയിൽ ചേർന്ന വിരോധത്തിൽ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ (32) കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയ പാർട്ടിക്കാരായ പ്രതികൾ നിരപരാധികളാണെന്ന വാദവുമായി സിപിഎം. നിരപരാധികളായ അവരെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സിപിഎം സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി.ജയരാജൻ പറഞ്ഞു. സിപിഎം പ്രവർത്തകർക്ക് എതിരായ കേസ് വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അവരെ കുറ്റവിമുക്തരാക്കാനുള്ള നടപടി സിപിഎം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിമിനിൽ കേസുകളിൽപെടുന്നവർക്ക് പാർട്ടി നിയമസഹായം നൽകാറുണ്ടെങ്കിലും അവരുടെ ചെയ്തികളെ പരസ്യമായി ന്യായീകരിക്കുന്ന നിലപാട് ഉണ്ടായിരുന്നില്ല. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടിക്കു ബന്ധമില്ലെന്നു പുറത്തുപറയുന്ന സിപിഎം പ്രതികൾക്ക് നിയമസഹായം നൽകിയത് ചർച്ചയായിരുന്നു. പ്രതികൾക്ക് അടിക്കടി പരോൾ സൗകര്യമൊരുക്കിയതും വിവാദമായി. പെരിയ ഇരട്ടക്കൊലക്കേസിലും പ്രതികൾക്കു സഹായവുമായി സിപിഎമ്മുണ്ട്. കോടതി കുറ്റക്കാരായി കണ്ട പ്രതികളെ, ശിക്ഷ പ്രഖ്യാപിക്കും മുൻപ് പരസ്യമായി പാർട്ടി ഏറ്റെടുത്ത് സംരക്ഷിക്കുന്ന നിലയാണ് സൂരജ് വധക്കേസിൽ ഉണ്ടായിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ടി.കെ.രജീഷിനെ പിന്നീട് സൂരജ് വധക്കേസിലെ പ്രതിപ്പട്ടികയിൽ ചേർത്തതാണെന്ന് പാർട്ടി പറയുന്നു.
സൂരജ് വധക്കേസിൽ രജീഷ് ഉൾപ്പെടെ 9 സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് തലശ്ശേരി കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2005 ഓഗസ്റ്റ് 7ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം സംഘം മഴു, വാൾ, കൊടുവാൾ എന്നിവ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊന്നെന്നാണ് കേസ്. പ്രതികൾക്കു വീരപരിവേഷം നൽകാൻ സൈബർ സംഘങ്ങളും രംഗത്തുണ്ട്. പാർട്ടിക്കായി പ്രതിരോധമുയർത്തി ജയിലിൽ പോകാൻ തയാറായ ധീരതയ്ക്ക് അഭിവാദ്യമർപ്പിക്കുകയാണ് അണികൾ. ഒരു പാർട്ടി സഖാവിനെ കൊലപ്പെടുത്തിയതിൽ പ്രതികാരം നിറവേറ്റിയതാണെന്ന തരത്തിലുമുണ്ട് സമൂഹ മാധ്യമങ്ങളിൽ വിശേഷണങ്ങൾ. അക്രമ രാഷ്ട്രീയത്തിനു പിറകെ പോകുന്ന അണികളെ പിന്തിരിപ്പിക്കാൻ ബാധ്യസ്ഥരായ നേതൃത്വം തന്നെയാണ് കൊലക്കേസുകളിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവരുടെ രക്ഷയ്ക്കെത്തുന്നതെന്നു കൂടുതൽ വ്യക്തമാവുകയാണ്. എന്തു ക്രൂരത ചെയ്താലും സംരക്ഷിക്കാൻ പാർട്ടിയുണ്ടെന്ന സന്ദേശമാണ് നേതാക്കൾ അണികളിലെത്തിക്കുന്നത്.
മൂന്നാം തുടർഭരണം ആഗ്രഹിച്ച് നവകേരള മുദ്രാവാക്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വവും മുന്നോട്ടു പോകുന്നതിനിടയിലാണ് കണ്ണൂരിന്റെ മണ്ണിൽ അക്രമ രാഷ്ട്രീയത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിൽ പാർട്ടിയുടെ ഇടപെടൽ. വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കുകയാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ച സിപിഎം, ഒരു വശത്ത് അക്രമ രാഷ്ട്രീയത്തിനു വളം ചെയ്യുന്നതിലെ വൈരുധ്യവും ചർച്ചയാവുകയാണ്.