അഞ്ചടി താഴ്ചയുള്ള മാൻഹോളിൽ മൂന്നടിയോളം കുഴിയെടുത്ത് മൃതദേഹം തള്ളിക്കയറ്റി; ഈ സമയം ഒന്നുമറിയാതെ പൊലീസ് പുറത്ത്

Mail This Article
തൊടുപുഴ ∙ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയിൽ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തിയിരുന്നതായി സൂചന. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള ആഷിക് ജോൺസനെ കാപ്പ കേസിലെ പ്രതിയെന്ന നിലയിൽ പിടികൂടുന്നതിനാണു പൊലീസ് എത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കലയന്താനി–ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂർ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.
ഈ സമയത്ത് ഗോഡൗണിന് ഉള്ളിലെ മാലിന്യക്കുഴിയിൽ ബിജുവിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു മറ്റു പ്രതികൾ. ആഷിക്കിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. മുഖ്യപ്രതി ജോമോൻ അടക്കമുള്ളവരെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തതോടെയാണ് ആഷിക്കിന്റെ പങ്കും വ്യക്തമായത്. അഞ്ചടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റുകയാണ് ചെയ്തത്. അധികം ആൾതാമസമില്ലാത്ത പ്രദേശത്താണ് ഈ ഗോഡൗൺ.
ഇവിടെ ഇടയ്ക്കിടെ മദ്യപാനവും ബഹളവും നടക്കാറുള്ളതിനാൽ അയൽക്കാരും ശ്രദ്ധിക്കാറില്ലായിരുന്നു. കേറ്ററിങ് ആവശ്യങ്ങൾക്ക് സാധനം എടുക്കാൻ വരുന്നതിനാൽ വാഹനങ്ങൾ വന്നുപോകുന്നതു പതിവാണെന്നു പ്രദേശവാസികൾ പറയുന്നു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൊടുവിലാണു മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാൽ മാൻഹോളിലൂടെ പുറത്തെടുക്കാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ പിൻവശം പൊളിച്ചാണെടുത്തത്.