ഫോണിനെച്ചൊല്ലി കൊലപാതകം: പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ

Mail This Article
കൊല്ലം ∙ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ തർക്കത്തെത്തുടർന്ന് അതിഥിത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. തമിഴ്നാട് മധുര സ്വദേശി മഹാലിംഗത്തെ (54) കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ താഴത്തുപറമ്പിൽ ബിജുവിന് (40) ആണ് കൊല്ലം നാലാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട മഹാലിംഗത്തിന്റെ ഭാര്യ മുരുകേശ്വരിക്കു നൽകാനും വിധിയിൽ പറയുന്നു.
ചവറ പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് എത്തിയ തൊഴിലാളികളായിരുന്നു മഹാലിംഗവും പ്രതി ബിജുവും. ക്ഷേത്രം പണിയുടെ കരാറുകാരൻ ഗണേശൻ ആചാരി തന്റെ തൊഴിലാളികൾക്ക് ഉപയോഗിക്കാൻ നൽകിയിരുന്ന മൊബൈൽ ഫോൺ ബിജു തന്റെ സ്വകാര്യ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിച്ചിരുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കം നടന്നിരുന്നു. 2023 മേയ് 12ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തെ ഭാരമേറിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിൻബലത്തിലാണു പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.മുരുകേശ്വരി ഉൾപ്പെടെ 26 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും 8 തൊണ്ടിമുതലുകളും കോടതി തെളിവിനായി സ്വീകരിച്ചു. ചവറ ഇൻസ്പെക്ടർ യു.പി.വിപിൻകുമാർ റജിസ്റ്റർ ചെയ്ത് അന്വേഷിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചത് ചവറ എസ്എച്ച്ഒ ആയിരുന്ന കെ.ആർ.ബിജുവാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.ജയകുമാർ ഹാജരായി. പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചത് എഎസ്ഐ സാജുവാണ്.