ADVERTISEMENT

തിരുവനന്തപുരം ∙ കവിയും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഡോ. പുതുശേരി രാമചന്ദ്രൻ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വെള്ളയമ്പലം ഇലങ്കം ഗാര്‍ഡന്‍സ് ഗീതില്‍ മകള്‍ ഗീത ആര്‍. പുതുശേരിക്കൊപ്പമായിരുന്നു താമസം. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

മാവേലിക്കര താലൂക്കിലെ വള്ളികുന്നത്ത് 1928 സെപ്തംബര്‍ 23ന് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശ്ശേരില്‍ ജാനകിയമ്മയുടെയും മകനായാണ് ജനനം. മണക്കാട് പ്രൈമറി സ്‌കൂള്‍, വട്ടയ്ക്കാട്ട് ഗവ. യു.പി.സ്‌കൂള്‍, വള്ളികുന്നം എസ്എന്‍ഡിപി സംസ്‌കൃത ഹൈസ്‌കൂള്‍, ഭരണിക്കാവ് പോപ്പ് പയസ് ഇലവന്‍ത് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം.

സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി. ക്വിറ്റ് ഇന്ത്യാ സമരം, പുന്നപ്ര വയലാര്‍ സംഭവത്തെത്തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തതിന് സ്‌കൂളുകളില്‍നിന്ന് പുറത്താക്കിയെങ്കിലും പിന്നീടു തിരിച്ചെടുത്തു. കൊല്ലം എസ്.എന്‍. കോളജ് വിദ്യാഭ്യാസകാലത്തെ സമരത്തില്‍ അറസ്റ്റും ലോക്കപ്പ് വാസവും അനുഭവിച്ചു. 1951-53 കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വള്ളികുന്നം ശൂരനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്താണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കാന്‍ ചേര്‍ന്നത്. 1953-56 ല്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബി.എ. (ഓണേഴ്‌സ്) ഒന്നാം റാങ്കോടെ ജയിച്ചു. 1957 ല്‍ കൊല്ലം എസ്.എന്‍. കോളേജില്‍ അധ്യാപകനായി. പിന്നീട് ശിവഗിരി എസ്.എന്‍.കോളജില്‍ അധ്യാപകനായി. 1969 ല്‍ കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ അധ്യാപകനായി. 1988 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. 

ആദ്യത്തെ അഖിലേന്ത്യാ ദ്രാവിഡ ഭാഷാശാസ്ത്ര സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറി (1971), ലോക മലയാള സമ്മേളനത്തിന്റെ ജനറല്‍ സെക്രട്ടറി (1977), കേരള യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻന്റ്, യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഫെഡറേഷന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മോസ്‌കോ സര്‍വകലാശാല, ലെനിന്‍ ഗ്രാഡ് യൂണിവേഴ്‌സിറ്റി, ടെക്‌സാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. തിരുവനന്തപുരത്ത് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സ് അസോസിയേഷന്‍ (ഡിഎല്‍എ) സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 

2009 ല്‍ കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം ലഭിച്ചു. 2014 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഭാഷാസമ്മാന്‍ അവാര്‍ഡും ലഭിച്ചു. 2015ൽ സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു. മഹാകവി മൂലൂര്‍ അവാര്‍ഡ് മഹാകവി പി. അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം എന്നിവയും ലഭിച്ചു. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍, കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്‌ക്കിന്ധാ കാണ്ഡങ്ങള്‍), പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

പരേതയായ ബി.രാജമ്മയാണ് ഭാര്യ. മക്കള്‍: ഡോ.ഗീത ആര്‍.പുതുശ്ശേരി (റിട്ട. പ്രഫസര്‍, എന്‍.എസ്.എസ്.വനിതാ കോളജ്, കരമന), പി.ആര്‍.ഉണ്ണികൃഷ്ണന്‍ (അസി. ജനറല്‍ മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ചെന്നൈ), പി.ആര്‍ ഹേമചന്ദ്രന്‍ (യുഎസ്എ), പി.ആര്‍.പ്രേമചന്ദ്രന്‍ (സിവില്‍ സപ്ലൈസ്, തിരുവനന്തപുരം) പി.ആര്‍.ജയചന്ദ്രന്‍ (റിട്ട.ഗ്രൂപ്പ് ക്യാപ്റ്റന്‍, എയര്‍ ഫോഴ്‌സ്) പി.ആര്‍. ശ്യാമചന്ദ്രന്‍ (കാനഡ). മരുമക്കള്‍: ഡോ.കെ.എസ്.രവികുമാര്‍ (പ്രോ-വൈസ് ചാന്‍സലര്‍, സംസ്‌കൃത സര്‍വകലാശാല, കാലടി), കെ.പി.ഗീതാമണി (അസി.ഡയറക്ടര്‍, കൃഷി വകുപ്പ്) ശ്രീദേവി നായര്‍ (യു.എസ്.എ), ഇന്ദു (കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്), രേഷ്മ ജയചന്ദ്രന്‍.

English Summary: Puthussery Ramachandran passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com