ADVERTISEMENT

കൊച്ചി∙ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരുന്ന കാര്യം രണ്ടു ദിവസം മുൻപ് അറിഞ്ഞിരുന്നെന്ന് പി.ടി.തോമസ് എംഎൽഎയു. സ്പീക്കറെ ഒരാവശ്യത്തിന് വിളിച്ചപ്പോൾ ഓഫിസ് അന്വേഷണത്തിന് അനുമതി നൽകിയ കാര്യം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ പ്രസംഗിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തനിക്കെതിരെ ഒരു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒന്നല്ല, ആയിരം വിജിലൻസ് അന്വേഷണം വന്നാലും ഭയമില്ല. കാരണം പിണറായി വിജയൻ പറയുന്നതു പോലെ അല്ല, അങ്ങനെ ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയ്ക്ക് അകത്തും പുറത്തും എംഎൽഎ എന്ന നിലയിൽ പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരെ തൂക്കിക്കൊന്നാലും ശക്തമായ നിലപാട് തുടരും. എത്ര വിജിലൻസ് അന്വേഷണം വന്നാലും സ്വാഗതം ചെയ്യുന്നു. വിജിലൻസ് അന്വേഷണം എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് പിണറായി ധരിക്കേണ്ടതില്ല. 2006 മുതൽ 2011 വരെ ഇടതു ഭരിക്കുമ്പോൾ ഇന്നത്തെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ തന്റെ പേരിൽ രണ്ട് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ആദ്യമൂന്നു വർഷം ഒരന്വേഷണവും പിന്നെയുള്ള രണ്ടു വർഷവും അന്വേഷണവും നടന്നു. അതിന്റെ ഫയലുകൾ വിവരാവകാശപ്രകാരം ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്.

ഈ സർക്കാരിന് ഇനി അധികം കാലാവധി ഉണ്ടെന്ന് വിശ്വസിക്കുന്ന ആളല്ല താൻ. അതുകൊണ്ട് വിജിലൻസ് അന്വേഷണമൊ സിബിഐ അന്വേഷണമൊ ഏത് അന്വേഷണവും സ്വാഗതം ചെയ്യും. പേടിയോ പരിഭവമോ ഇല്ല. കോടിയേരിക്കെതിരെ വാർത്താസമ്മേളനം നടത്തിയതിന്റെ പേരിൽ അഞ്ചു വർഷം അന്വേഷണം നടത്തി. 30 വർഷമായി ഇവിടെ താമസിക്കുന്നുണ്ട്. മുൻ ഇടതു സർക്കാർ എറണാകുളം, ഇടുക്കി ജില്ലകളിലെ മുഴുവൻ ബാങ്കുകളിലും വില്ലേജ് ഓഫിസുകളിലും തനിക്ക് അനധികൃത സ്വത്തുണ്ടോ എന്ന് അന്വേഷിച്ചിരുന്നു.

അഞ്ച് വർഷം കുടുംബത്തെയും തന്നെയും വേട്ടയാടിയതാണ്. തന്റെ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുന്നിൽ എല്ലാ ദിവസവും രാവിലെ രണ്ടു പൊലീസാകാർ പോയി നിൽക്കും. വരികയും പോകുകയും ചെയ്യുന്നവരോട് പി.ടി. തോമസിന് അനധികൃത സ്വത്തുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരിക്കും. തന്നെയും കുടുംബത്തെയും സ്ഥാപനത്തെയും വളരെ ബുദ്ധിമുട്ടിച്ചതാണ്. അതിനെ അതിജീവിച്ചതാണ്. ഇതും വേട്ടയാടലിന്റെ ഭാഗമാണെന്നു കരുതേണ്ടി വരും.

അതേസമയം പിണറായി വിജയന്റെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം വേണമെന്ന് പരാതി കൊടുക്കുന്നത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. നിയമാനുസൃതമായി പരാതി എഴുതിക്കൊടുത്താൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയേ മതിയാകൂ. അത് എന്തിനെക്കുറിച്ചാണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: PT Thomas Response on Vigilance Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com