തിരഞ്ഞെടുക്കപ്പെട്ടാല്‍ ബെഹ്റ ഉടന്‍ ഒഴിയും; അടുത്ത ഡിജിപിക്കായുള്ള പോരാട്ടം സജീവം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സിബിഐ ഡയറക്ടർ സ്ഥാനത്തേക്കുള്ള പാനലിൽ ഉൾപ്പെട്ടതോടെ അടുത്ത പൊലീസ് മേധാവി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. സീനിയോറിറ്റിയിൽ മുന്നിലുള്ള ടോമിൻ തച്ചങ്കരിയും രണ്ടാമനായ സുധേഷ് കുമാറുമാണ് സാധ്യതാപട്ടികയില്‍ മുന്‍പില്‍. സിബിഐ ഡയറക്ടറായില്ലങ്കില്‍ ബെഹ്റ വിരമിക്കും വരെ പൊലീസ് മേധാവിയായി തുടരും.
ലോക്നാഥ് ബെഹ്റ ജൂണ്‍ 30ന് വിരമിക്കും. അതുവരെ പൊലീസ് മേധാവിയായി തുടരുന്നതിന് തിരഞ്ഞെടുപ്പ് ചട്ടം തടസ്സമല്ല. എന്നാല്‍ അടുത്ത സിബിഐ ഡയറക്ടര്‍ക്കായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചതാണ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് ബെഹ്റ മാറിയേക്കാം എന്ന ചര്‍ച്ചയ്ക്ക് അടിസ്ഥാനം. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന അടുത്ത ആഴ്ചയോടെ ഡയറക്ടര്‍ തിരഞ്ഞെടുപ്പ് നടന്നേക്കാം.
തിരഞ്ഞെടുക്കപ്പെട്ടാല്‍ ബെഹ്റ ഉടന്‍ ഒഴിയും. അതോടെ അടുത്ത പൊലീസ് മേധാവിക്കായുളള പോരാട്ടം ടോമിന്‍ തച്ചങ്കരിയും സുധേഷ്കുമാറും തമ്മിലാണ്. സീനിയോരിറ്റിയില്‍ മുന്‍പിലാണെന്നതും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും തച്ചങ്കരിക്ക് അനുകൂലമാണ്. തച്ചങ്കരിക്കെതിരായ വിജിലൻസ് കേസിൽ അദ്ദേഹത്തിന്റെ തന്നെ അപേക്ഷയിൽ മുഖ്യമന്ത്രി നേരിട്ടു തുടരന്വേഷണം പ്രഖ്യാപിച്ചു. ഉടൻ അന്വേഷണം പൂർത്തിയാക്കാനാണു നിർദേശം. റിപ്പോർട്ട് കോടതിയും അംഗീകരിക്കുകയാണെങ്കിൽ തച്ചങ്കരിക്കു സാധ്യത കൂടും. മറിച്ചെങ്കിൽ സുധേഷ് കുമാറിനെ മേധാവിയാക്കണമെന്നാണു മറുപക്ഷത്തിന്റെ വാദം.
കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഉണ്ടായാല്‍ പൊലീസ് മേധാവി സ്ഥാനത്തേക്ക് വഴിതെളിയും. ആ റിപ്പോര്‍ട്ട് തയാറാക്കേണ്ടത് വിജിലന്‍സ് ഡയറക്ടറായ സുധേഷ് കുമാറാണെന്നത് മേധാവി സ്ഥാനത്തേക്കുള്ള പോരാട്ടത്തിന്റെ വീര്യം കൂട്ടുന്നു. അതേസമയം സിബിഐ ഡയറക്ടറായി ബെഹ്റയെ തിരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ അദ്ദേഹം വിരമിക്കും വരെ ഡിജിപിയാവും.
തിരഞ്ഞെടുപ്പ് സമയത്ത് ദൈനംദിന ചുമതല ഇലക്ഷന്‍ നോഡല്‍ ഓഫിസറായ എഡിജിപി മനോജ് എബ്രഹാമിനോ ക്രമസമാധാന ചുമതലയുള്ള വിജയ് സാഖറെയ്ക്കോ നല്‍കും. രാഷ്ട്രീയ തീരുമാനമുണ്ടായാല്‍ തച്ചങ്കരിക്കും ചുമതല നല്‍കിയേക്കാം. സിബിഐയിലേക്കു വഴി തുറന്നില്ലെങ്കിൽ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായും (സിഎംഡി) ബെഹ്റയെ സർക്കാർ പരിഗണിക്കുന്നുണ്ട്.
English Summary: Loknath Behera likely to go Delhi, juniors already in rat race