ചിത്രം തെളിഞ്ഞു; കടുത്തുരുത്തിയിൽ വീണ്ടും മോൻസ് – സ്റ്റീഫൻ പോരാട്ടം
Mail This Article
കോട്ടയം ∙ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കടുത്തുരുത്തിയിൽ വീണ്ടും മോൻസ് ജോസഫ് – സ്റ്റീഫൻ ജോർജ് പോരാട്ടത്തിന് കളമൊരുങ്ങി. സിറ്റിങ് എംഎൽഎ കേരള കോൺഗ്രസിലെ (ജോസഫ്) മോൻസ് ജോസഫ് നേരത്തെ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നെങ്കിൽ, അവസാന നിമിഷമാണ് സ്റ്റീഫൻ ജോർജിന് നറുക്കു വീണത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ എന്നിവർ അവകാശവാദമുന്നയിച്ച കടുത്തുരുത്തിയിൽ ഒടുവിൽ സ്റ്റീഫൻ ജോർജിനെ മത്സരത്തിന് നിയോഗിക്കുകയായിരുന്നു. മോൻസിന്റെ സ്ഥാനാർഥിത്വം തിരഞ്ഞെടുപ്പു തീയതി പോലും പ്രഖ്യാപിക്കപ്പെടും മുൻപ്, ഐശ്വര്യ കേരള യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.
കടുത്തുരുത്തിയിൽ മോൻസ് ജോസഫിനും സ്റ്റീഫൻ ജോർജിനും തമ്മിലുള്ള നാലാം അങ്കമാണിത്. 2001, 2006, 2011 വർഷങ്ങളിലാണ് മുൻപ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ടു തവണ മോൻസിനെയും ഒരു തവണ സ്റ്റീഫൻ ജോർജിനെയും വിജയം കടാക്ഷിച്ചു. ഇരുവരും തമ്മിലുള്ള പോരാട്ടത്തിലൂടെ രണ്ടു തവണ യുഡിഎഫും ഒരു തവണ എൽഡിഎഫും മണ്ഡലത്തിന്റെ അവകാശികളായി.
മോൻസ് ജോസഫ് Vs സ്റ്റീഫൻ ജോർജ് – പോരാട്ടചരിത്രം
2001
യുഡിഎഫ്
∙സ്റ്റീഫൻ ജോർജ് – കേരള കോൺഗ്രസ് (എം): 50,055 വോട്ട്
എൽഡിഎഫ്
∙മോൻസ് ജോസഫ് – കേരള കോൺഗ്രസ് (ജോസഫ്): 45,406 വോട്ട്
വിജയി: സ്റ്റീഫൻ ജോർജ്. ഭൂരിപക്ഷം: 4,649
2006
എൽഡിഎഫ്
∙മോൻസ് ജോസഫ് – കേരള കോൺഗ്രസ് (ജോസഫ്): 44,958 വോട്ട്
യുഡിഎഫ്
∙സ്റ്റീഫൻ ജോർജ് – കേരള കോൺഗ്രസ് (എം): 42,957 വോട്ട്
വിജയി: മോൻസ് ജോസഫ്. ഭൂരിപക്ഷം: 2,001
2011
യുഡിഎഫ്
∙മോൻസ് ജോസഫ് – കേരള കോൺഗ്രസ് (ജോസഫ്): 68,787 വോട്ട്
എൽഡിഎഫ്
∙സ്റ്റീഫൻ ജോർജ് – കേരള കോൺഗ്രസ് (പി.സി. തോമസ്
വിഭാഗം): 45,730 വോട്ട്
വിജയി: മോൻസ് ജോസഫ്. ഭൂരിപക്ഷം: 23,057
2021
യുഡിഎഫ്
∙മോൻസ് ജോസഫ് – കേരള കോൺഗ്രസ് (ജോസഫ്)
എൽഡിഎഫ്
∙സ്റ്റീഫൻ ജോർജ് – കേരള കോൺഗ്രസ് (എം)
കഴിഞ്ഞ തവണ സംസ്ഥാനത്തെ മൂന്നാമത്തെ ഉയർന്ന ഭൂരിപക്ഷത്തിനാണ് മോൻസ് ജോസഫ് ഹാട്രിക് വിജയം ആഘോഷിച്ചത്. തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽഡിഎഫിലെ സ്കറിയാ തോമസിനെ 42,256 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോൻസ് തോൽപിച്ചത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മോൻസ് വ്യക്തമായ ലീഡ് നേടി. പോസ്റ്റൽ വോട്ട് അടക്കം 1,27,172 വോട്ട് പോൾ ചെയ്തതിൽ 73,793 വോട്ട് മോൻസിന് ലഭിച്ചു. സ്കറിയാ തോമസിനു ലഭിച്ച ആകെ വോട്ടുകളുടെ എണ്ണം മോൻസ് ജോസഫിന് ലഭിച്ച ഭൂരിപക്ഷത്തേക്കാളും 10,719 വോട്ട് കുറവായിരുന്നു. 31,537 വോട്ടാണ് സ്കറിയാ തോമസിന് ആകെ ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി സ്റ്റീഫൻ ചാഴികാടന് 17,536 വോട്ട് ലഭിച്ചു.
കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച മോൻസിനെ നേരിടാനൊരുങ്ങുന്ന സ്റ്റീഫൻ ജോർജിന്, ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ എൽഡിഎഫ് നേടിയ 15,000 നു മേൽ വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷ നൽകുന്ന ഘടകം. ഒരു ഘട്ടത്തിൽ ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കുന്നതു സംബന്ധിച്ച് പാർട്ടിയിൽ ആലോചനകൾ നടന്നിരുന്നുവെന്നതും ഈ പ്രതീക്ഷകൾക്കു ബലമേകുന്നു.
കേരള കോൺഗ്രസിന്റെ ഉറച്ച മണ്ണായ കടുത്തുരുത്തിയിൽ കേരള കോൺഗ്രസുകൾ തമ്മിലാണ് ഏറെക്കാലമായി പരസ്പരം ഏറ്റുമുട്ടുന്നത്. കെ.എം. മാണി താമസിച്ചിരുന്നത് പാലായിലാണെങ്കിലും തറവാട് ഉൾപ്പെടുന്ന മരങ്ങാട്ടുപള്ളി കടുത്തുരുത്തിയിലാണ്. ജോസഫ് – ജോസ് പക്ഷങ്ങളുടെ പിളർപ്പോടെ മോൻസ് ജോസഫ് – സ്റ്റീഫൻ ജോർജ് പോരാട്ടത്തിന് പുതിയ മാനങ്ങളാണ് കൈവരുന്നത്. പിളർപ്പിനു ശേഷമുള്ള ഇരുപക്ഷങ്ങളുടെയും ശക്തിപ്രകടനത്തിനു വേദിയാകും കടുത്തുരുത്തിയെന്നതിൽ തർക്കമില്ല. ജോസഫ് – ജോസ് പക്ഷങ്ങൾക്ക് കരുത്ത് തെളിയിക്കാനും കണക്കു തീർക്കാനുമുള്ള വേദിയായി കടുത്തുരുത്തി മാറുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്.
English Summary: Exciting battle on cards in Kaduthuruthy Constituency