‘മൻസുകിനെ കൊലപ്പെടുത്തിയത് മോഷ്ടിച്ച വാഹനത്തിൽ; വായിൽ ടവൽ തിരുകി കടലിൽ തള്ളി’
Mail This Article
മുംബൈ ∙ മുകേഷ് അംബാനിക്കു ബോംബ് ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ സർവീസിൽ നിന്നു നീക്കാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചു. മാർച്ച് 13ന് എൻഐഎ അറസ്റ്റ് ചെയ്ത വാസെ ഇപ്പോൾ തലോജ ജയിലിലാണ്.
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ കൊലപ്പെടുത്തിയത് ഒൗറംഗാബാദിൽ നിന്നു മോഷ്ടിച്ച വാഹനത്തിലാണെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. മൻസുകിനെ കൊലപ്പെടുത്തിയ ശേഷം വായിൽ ടവലുകൾ തിരുകി കടലിൽ തള്ളിയെന്നാണു നിഗമനം.
കേസിൽ സച്ചിൻ വാസെയുടെ സഹപ്രവർത്തകനും മുൻ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടറുമായ റിയാസുദീൻ കാസിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിക്കാൻ വാസെയ്ക്കൊപ്പം റിയാസും ഗൂഡാലോചനയിൽ പങ്കെടുത്തതായാണ് ആരോപണം. തെളിവു നശിപ്പിക്കാനും കാസി ശ്രമിച്ചതായി എൻഐഎ കണ്ടെത്തി.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉണ്ടാക്കുന്ന വിക്രോളിയിലെ സ്ഥാപനത്തിൽ ഇദ്ദേഹം എത്തുന്ന വിഡിയോയും, പിന്നീട് ആ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യുന്ന വിഡിയോയും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചത് കാസിയാണെന്നാണ് എൻഐഎയുടെ നിഗമനം.
English Summary: NIA findings in Mansukh Hiren murder case