‘ലക്ഷക്കണക്കിന് ചീവീടുകള്‍ കരയുന്ന ശബ്ദം’; ഇന്ത്യയിൽ എത്തിയയാൾക്കും ഹവാന സിന്‍ഡ്രോം

Mail This Article
വാഷിങ്ടന്‍ ∙ യുഎസ് നയതന്ത്ര മേഖലയെയാകെ അഞ്ചു വര്‍ഷത്തോളമായി കടുത്ത ആശങ്കയിലാക്കിയ ഹവാന സിന്‍ഡ്രോം വീണ്ടും ചര്‍ച്ചകളിലേക്കെത്തിയിരിക്കുകയാണ്. സിഐഎ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം എന്ന അജ്ഞാത രോഗം ഉണ്ടായിരുന്നുവെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സ തേടിയ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഏറെ നാളുകളായി യുഎസ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന കാര്യമാണ്, വിദേശരാജ്യങ്ങളിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ഇടയ്ക്കിടെയുണ്ടാകുന്ന ‘അജ്ഞാത ശത്രുവിന്റെ’ ആക്രമണം. നീണ്ടനാളായി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊന്നും ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണത്തെ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ മാസം ഒരു ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് മൂന്നു മണിക്കൂറോളം യാത്ര വൈകിപ്പിക്കേണ്ടി വന്നിരുന്നു. ഏതാണ്ട് ഇരുന്നൂറോളം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണ് അജ്ഞാത രോഗത്തിനു പിന്നിലെന്നാണ് അമേരിക്കയുടെ ആരോപണം.
എന്താണ് ഹവാന സിന്‍ഡ്രോം?
പൊടുന്നനെ കാരണങ്ങളില്ലാതെ കടുത്ത തലവേദന, തലയില്‍ സമ്മര്‍ദം, ബോധക്കേട്, തലകറക്കം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്ന അവസ്ഥയാണ് ഹവാന സിന്‍ഡ്രോം. ചിലരില്‍ മൂക്കില്‍നിന്നു രക്തസ്രാവവുമുണ്ടാകാറുണ്ട്. 2016ല്‍ ക്യൂബയിലെ ഹവാനയില്‍ സ്ഥിതി ചെയ്യുന്ന യുഎസ് എംബസി ഉദ്യോഗസ്ഥരിലാണ് ഇതാദ്യം റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണു ഹവാന സിന്‍ഡ്രോമെന്ന പേരു ലഭിച്ചതും.
പിന്നീട് ജര്‍മനി, ഓസ്ട്രിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെയും ബാധിച്ചു. പിന്നീട് ലോകമെമ്പാടും, പല രാജ്യങ്ങളിലും സേവനമനുഷ്ഠിച്ച യുഎസ് ഉദ്യോഗസ്ഥരില്‍, പ്രത്യേകിച്ച് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരിലും കുടുംബത്തിലും ഇതു റിപ്പോര്‍ട്ട് ചെയ്തു. ഇതൊരു മാനസികമായ തോന്നലാണെന്നാണ് ആദ്യകാലത്ത് വിലയിരുത്തപ്പെട്ടിരുന്നത്.

2016ല്‍ ക്യൂബയിലെ യുഎസ് എംബസിയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് അതീവതോതില്‍ തുളച്ചുകയറുന്ന രീതിയിലുള്ള ശബ്ദം കേട്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദം. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും ഇവര്‍ക്കുണ്ടായി.
എവിടെയോനിന്ന്, ഒരു അജ്ഞാതന്‍ തങ്ങളുടെ നേര്‍ക്ക് ഒരു ഊര്‍ജ ഉപകരണത്തില്‍നിന്നു രശ്മികള്‍ പ്രയോഗിച്ചതുപോലെയാണു തോന്നിയതെന്നും ഇവര്‍ പറഞ്ഞു. തലകറക്കവും കടുത്ത ശ്രദ്ധക്കുറവും പിന്നീട് ഇവരെ പലപ്പോഴും ശല്യപ്പെടുത്തി. ഒടുവില്‍ പലരും സേവനം പാതിവഴിയില്‍ നിര്‍ത്തി വൈദ്യ ചികിത്സയ്ക്കായി യുഎസില്‍ തിരിച്ചെത്തി. ഇവരില്‍ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ തലച്ചോറില്‍ കേടുപാടുകള്‍ സംഭവിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ തലയോട്ടിക്കോ മറ്റ് അസ്ഥിഭാഗങ്ങള്‍ക്കോ ത്വക്കിനോ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല!
റഷ്യന്‍ രഹസ്യായുധം?
ഹവാന സിന്‍ഡ്രോമിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞശേഷം 5 വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണിതു സംഭവിക്കുന്നതെന്നു യുഎസിനു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. പ്രശ്നം ഇത്ര ദുരൂഹമാകാനും ഇതാണു കാരണം. റഷ്യന്‍ നിര്‍മിത സോണിക് ഉപകരണങ്ങള്‍ അല്ലെങ്കില്‍ എനര്‍ജി ബീമുകള്‍ ഉപയോഗിച്ചാണ് ഈ അവസ്ഥ ഇരകളില്‍ വരുത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മനുഷ്യന്റെ കേള്‍വിശക്തിയുടെ പരിധിക്ക് അപ്പുറമുള്ള ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഏതോ സോണിക് ഉപകരണങ്ങള്‍ വച്ചാകാം ഹവാനയില്‍ ഇതു നടപ്പിലാക്കിയതെന്ന് അന്ന് അന്വേഷണം നടത്തിയ ഏജന്‍സികള്‍ പറഞ്ഞിരുന്നു.
പിന്നീട് ഇതു തെറ്റാകാമെന്നും വാദമുയര്‍ന്നു. സോണിക് തരംഗങ്ങള്‍ക്ക് മനുഷ്യമസ്തിഷ്കത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കാന്‍ പറ്റില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മറ്റു പല സിദ്ധാന്തങ്ങളും ഹവാന സിന്‍ഡ്രോമിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ലാപ്ടോപ്പുകളില്‍നിന്നും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നും ഡേറ്റ ചോര്‍ത്താനായി നിര്‍മിച്ച ഏതോ ഉപകരണം പ്രയോഗിച്ച വേളയില്‍ മനുഷ്യനില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ഇതു നിരീക്ഷിച്ച നിര്‍മാതാക്കള്‍ പിന്നീട് ഇതിനെ ഒരു ഭീകരായുധമായി മാറ്റുകയായിരുന്നെന്നും ഇത്തരത്തിലെ ഒരു പ്രബല സിദ്ധാന്തം പറയുന്നു.

2019ല്‍ പുറത്തിറങ്ങിയ ഒരു ശാസ്ത്രജേണലില് ഒരു പ്രത്യേകതരം റേഡിയോ ഫ്രീക്വന്‍സി ഉപകരണത്തില്‍നിന്നു പുറപ്പെടുന്ന റേഡിയോ തരംഗങ്ങളാണ് സംഭവത്തിനു വഴിവയ്ക്കുന്നതെന്ന് പ്രസ്താവിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ആര്‍ക്കും ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴും, ഏറെ സാധ്യതയുള്ള വാദമായിട്ടാണ് ഇതു വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിലുള്ള 'മൈക്രോവേവ്' ഉപകരണങ്ങള്‍ ഉണ്ടാക്കുക സാധ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
ആരാണു പിന്നില്‍?
റഷ്യന്‍ ഇന്റലിജന്‍സ് സംഘടനകളാണ് ഈ വിഷയത്തില്‍ പ്രധാനമായും യുഎസിന്റെ സംശയ റഡാറില്‍ വന്നത്. ഇതു റഷ്യന്‍ സാങ്കേതികവിദ്യയാണെന്നും റഷ്യയ്ക്കു മാത്രമേ ഇത്തരത്തില്‍ ഒരു ആയുധം നിര്‍മിക്കാനുള്ള ശേഷിയുള്ളൂവെന്നും ആദ്യകാലത്ത് ഈ ആക്രമണത്തിന് ഇരയായ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെയായി ചൈനയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. നൂതന ആയുധങ്ങള്‍ വികസിപ്പിക്കാനായി വന്‍ ബജറ്റില്‍ പരീക്ഷണ ഗവേഷണങ്ങള്‍ നടത്തുന്ന ചൈനയും ഈ ആയുധത്തിനുള്ള ശേഷി കൈവരിച്ചിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
English Summary: CIA Officer Reports 'Havana Syndrome' Symptoms On India Trip: Reports