മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറുന്നു; ഇനി കറുത്ത ഇന്നോവ

Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന്റെ നിറം മാറുന്നു. വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രി നിലവിൽ ഉപയോഗിക്കുന്നത്. ഇനി മുതൽ കറുത്ത നിറത്തിലുള്ള ക്രിസ്റ്റയാകും ഉപയോഗിക്കുക. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു വാഹനത്തിന്റെ നിറം മാറാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്കായി പുതുതായി വാങ്ങിയ വാഹനത്തിന്റെ നിറമാണു മാറ്റിയത്. ആകെ നാലു വാഹനങ്ങളാണു മുഖ്യമന്ത്രിക്കും അകമ്പടിക്കുമായി വാങ്ങുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും. ഇതിൽ ആദ്യ വാഹനം ഈയാഴ്ച കൈമാറും. ശേഷിക്കുന്നവ പിന്നീടു കൈമാറുമെന്ന് അധികൃതർ പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണോ നിറം മാറുന്നതെന്ന ചോദ്യത്തോടു പ്രതികരിക്കാൻ അധികൃതർ തയാറായില്ല.
പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനവും കറുത്ത നിറത്തിലുള്ളതാണ്. മുഖ്യമന്ത്രി ഉപയോഗിക്കുന്ന വാഹനങ്ങൾ 4 വർഷം പഴക്കം ഉള്ളതിനാൽ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ശുപാർശ. ഇതിനായി മാസങ്ങൾക്കു മുൻപ് 63 ലക്ഷം രൂപ അനുവദിച്ചിരുന്നു.
English Summary : CM Pinarayi Vijayan's official vehicle to change color