ADVERTISEMENT

കൊൽക്കത്ത∙ സ്കൂൾ നിയമനത്തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മന്ത്രി പാർഥ ചാറ്റർജിയ്ക്കൊപ്പം അറസ്റ്റ് ‌ചെ‌യ്ത ബംഗാളി യുവനടിയും മോഡലുമായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് പണം നിറച്ച നാല് ആഡംബര കാറുകൾ കാണാതായതായി റിപ്പോർട്ട്. ഒരു ഔഡി, ഹോണ്ടയുടെ രണ്ടു കാറുകള്‍, ഒരു ബെന്‍സ് കാര്‍ എന്നിവയാണ് കാണാതായത്.

അർപിതയെ ഇഡി അറസ്റ്റ് ‌ചെ‌യ്തതിനു പിന്നാലെയാണ്  നാല് ആഡംബര കാറുകൾ ഇവിടെ നിന്ന് കടത്തിയത്. റെ‌യ്‍ഡിനിടെ വെള്ള നിറത്തിലുള്ള ഒരു ബെൻസ് കാർ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കൊൽക്കത്തയിലെ ഡയമണ്ട് സിറ്റി കെട്ടിട സമുച്ചയത്തിലെ വസതിയിൽ നിന്നാണ് നാല് കാറുകളും കാണാതായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറുകൾക്കായി തിരച്ചിൽ ശക്തമാക്കിയതായി ഇഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. 

30 കാരിയായ അർപിത റിയൽ എസ്‌റ്റേറ്റ് ബിസിനസിലും സജീവമായിരുന്നു. റെയ്‍‌ഡ് നടന്ന ദക്ഷിണ കൊൽക്കത്ത, ബെൽഗാരിയ മേഖല എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾക്ക് പുറമേ നിരവധി ഫ്ലാറ്റുകളും ഇവരുടെ പേരിലുണ്ട്. അർപിതയുടെ നാല് ഫ്ലാറ്റുകളിലായി നടത്തിയ റെയ്‍ഡിൽ ആകെ 50 കോടിയോളം രൂപയാണ് കണ്ടെടുത്തത്.  നോട്ടുകെട്ടുകൾക്കു പുറമേ കിലോക്കണക്കിനു സ്വർണാഭരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ഫ്ലാറ്റിലെ ഷെൽഫുകളിൽനിന്ന് കെട്ടുക്കണക്കിന് നോട്ടുകളാണ് കണ്ടെടുത്തതെന്നും നടിയുടെ ഫ്ലാറ്റുകൾ മിനി ബാങ്കുകളായിരുന്നുവെന്നും ഇഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഫ്ലാറ്റിലെ കിടപ്പുമുറിയിലും കുളിമുറിയിലും അടക്കം നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നു. 

കൊൽക്കത്തയിലെ ബെൽഗാരിയ പ്രദേശത്തുള്ള ഇവരുടെ അപ്പാർട്ട്മെന്റിൽനിന്നു പിടിച്ചെടുത്ത പണം 10 പെട്ടികളിലാണ് ഇവിടെ നിന്ന് കൊണ്ടുപോയത്. ഏതാണ്ട് 18 മണിക്കൂറിലധികം നീണ്ടുനിന്ന റെയ്ഡിലാണു കൂടുതൽ പണവും സ്വർണവും പിടിച്ചെടുത്തത്. നോട്ടെണ്ണുന്ന മൂന്നു മെഷീനുകൾ ഉപയോഗിച്ച് ഏറെ നേരമെടുത്താണു അർപ്പിതയുടെ ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്തത്.

അതിനിടെ അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച രാത്രി പൂട്ടു തകർത്താണ് മോഷ്‌ടാവ് അകത്തു കയറിയത്. വലിയ ബാഗുകളിലാക്കി നിരവധി  സാധനങ്ങൾ ഇവിടെ നിന്ന് കൊണ്ടുപോയെങ്കിലും റെയ്‌ഡ് ആണെന്നായിരുന്നു പ്രദേശവാസികൾ കരുതിയിരുന്നത്. പാർഥ ചാറ്റർജിയുടെ മകൾ സോഹിണി ചാറ്റര്‍ജിയുടെ പേരിലുള്ള സൗത്ത് 24 പര്‍ഗാനയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. സോഹിണി ചാറ്റര്‍ജിയും ഭർത്താവും വിദേശത്താണ്. 

English Summary: Now, Hunt For 4 Cash-Filled Luxury Cars Of  Arpita Mukherjee: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com