ADVERTISEMENT

കോട്ടയം ∙ വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് (89) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. പള്ളിക്കൂടം സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 11 വരെ പൊതുദർശനം.

കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി. 

മേരി റോയ് (ചിത്രം: റിജോ ജോസഫ് ∙ മനോരമ)
മേരി റോയ് (ചിത്രം: റിജോ ജോസഫ് ∙ മനോരമ)

ആ വീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കോടതിയിലെത്തിയത്. മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ, 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പിൽക്കാലത്തു സഹോദരനുതന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് വ്യക്തമാക്കി.

മേരി റോയിയുടെ മൃതദേഹം കോട്ടയത്തെ വസതിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: ഗിബി സാം ∙ മനോരമ
മേരി റോയിയുടെ മൃതദേഹം കോട്ടയത്തെ വസതിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: ഗിബി സാം ∙ മനോരമ

1967 ൽ കോട്ടയത്തു സ്ഥാപിച്ച കോർപസ് ക്രിസ്റ്റി എന്ന സ്കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. പ്രശസ്ത വാസ്തുശിൽപി ലാറി ബേക്കറാണ് സ്കൂൾകെട്ടിടം രൂപകൽപന ചെയ്തത്. പരമ്പരാഗത വിദ്യാഭ്യാസ സങ്കൽപങ്ങളെ പൊളിച്ചെഴുതിയ സ്കൂൾ ഇന്ന് വളരെ പ്രശസ്തമാണ്. ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ അരുന്ധതി റോയ് സമർപ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്.

‍മാധവിക്കുട്ടിയും മേരി റോയും (ചിത്രം: പി.ആർ.ദേവദാസ്)
മാധവിക്കുട്ടിയും മേരി റോയിയും (ചിത്രം: പി.ആർ.ദേവദാസ്)

അനുശോചിച്ച് പ്രമുഖർ

∙ മുഖ്യമന്ത്രി പിണറായി വിജയൻ

വിദ്യാഭ്യാസ, വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ മേരി റോയിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്ത്രീകളുടെ സ്വത്തവകാശത്തിനു വേണ്ടിയുള്ള നിയമപോരാട്ടത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ വ്യക്തിയാണ് മേരി റോയ് എന്നു മുഖ്യമന്ത്രി പറഞ്ഞു.

∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

‘‘സ്ത്രീകൾക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു മേരി റോയ്. പെൺകുട്ടികൾ രണ്ടാം തരക്കാരാണെന്നുള്ള ചിന്ത മാറ്റാനുള്ള പോരാട്ടമാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം അസാധുവാക്കി, പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശം നൽകിയ സുപ്രീം കോടതി വിധി മേരി റോയ് നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതി മേരി റോയ് കോട്ടയത്ത് സ്ഥാപിച്ച പള്ളിക്കൂടം എന്ന സ്കൂൾ മാതൃകയായി നമുക്ക് മുന്നിലുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.’’

∙ മന്ത്രി റോഷി അഗസ്റ്റിന്‍ 

‘‘വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയിയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. പരമ്പരാഗത വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ വിദ്യാഭ്യാസ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായുമെല്ലാം ശോഭിച്ച വ്യക്തിത്വമാണ് മേരി റോയ്. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയ്, വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. സമാനതകളില്ലാത്ത നിയമ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് മേരി റോയിയുടേത്.’’

∙ മുൻമന്ത്രി കെ.സി.ജോസഫ്

‘‘ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ, പിതൃ സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം ലഭ്യമാക്കിയത് മേരി റോയിയുടെ പോരാട്ടം മൂലമാണ്. വിദ്യാഭ്യാസ വീക്ഷണ എന്ന നിലയിലും അവരുടെ സംഭാവനകളെ വിസ്മരിക്കാൻ സാധിക്കില്ല.’’

മേരി റോയ് (ചിത്രം: റോക്കി ജോർജ് ∙ മനോരമ)
മേരി റോയ് (ചിത്രം: റോക്കി ജോർജ് ∙ മനോരമ)

English Summary: Indian Educator Mary Roy passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com