കോൺഗ്രസ് വിടട്ടെയെന്ന് ചോദിച്ചു, ദൈവം അനുവദിച്ചു: ദിഗംബര്‍ കാമത്ത്
Mail This Article
പനജി∙ ദൈവത്തിന്റെ അനുമതിയോടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ദൈവം സമ്മതിച്ച പ്രകാരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കാമത്ത് പറഞ്ഞത്.
‘‘തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകില്ലെന്നു പ്രതിജ്ഞയെടുത്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍ വീണ്ടും ക്ഷേത്രത്തില്‍ പോയി ദൈവത്തെ സമീപിച്ചു കോൺഗ്രസ് വിടുന്നതിനെക്കുറിച്ചു ചോദിച്ചു. മികച്ചതെന്നു തോന്നുന്നതു ചെയ്യൂ എന്നാണു ദൈവം പറഞ്ഞത്’’ - കാമത്ത് പറഞ്ഞു.
ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബര്‍ കാമത്ത് എന്നിവർ ഉൾപ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ബുധനാഴ്ച, ലോബോയുടെ നേതൃത്വത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രമേയം പാസാക്കി. ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയ മറ്റ് എംഎൽഎമാർ. ഇവർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദർശിച്ചു.
English Summary: Goa Congress Veteran Explains Switch To BJP