അഫ്ഗാനിൽ മുൻ എംപിയെ വെടിവച്ച് കൊലപ്പെടുത്തി: ‘ഭയമില്ലാത്ത യോദ്ധാവ്’
Mail This Article
കാബുൾ ∙ അഫ്ഗാനിസ്ഥാനിൽ മുൻ പാർലമെന്റംഗത്തെയും അംഗരക്ഷകനെയും അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തി. മുർസൽ നാബിസാദയും (32) അവരുടെ അംഗരക്ഷകനുമാണു കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബുൾ പൊലീസ് വക്താവ് അറിയിച്ചു. കൊലപാതകികളെ കണ്ടെത്തിയിട്ടില്ല.
യുഎസ് പിന്തുണയുള്ള സർക്കാർ അഫ്ഗാൻ ഭരിച്ചിരുന്ന സമയത്താണു നാബിസാദ പാർലമെന്റിൽ അംഗമായിരുന്നത്. 2021 ഓഗസ്റ്റിൽ താലിബാൻ രാജ്യഭരണം പിടിച്ചെടുത്തതോടെ നാബിസാദ ഉൾപ്പെടെയുള്ളവർ പുറത്തായി. ‘‘വീട്ടിൽവച്ചാണ് ഇരുവർക്കും വെടിയേറ്റത്. സംഭവത്തിൽ പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ നാബിസാദയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്.’’– പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.
അഫ്ഗാന്റെ ‘ഭയമില്ലാത്ത യോദ്ധാവ്’ എന്നാണ് നാബിസാദയെ മുൻ ജനപ്രതിനിധി മറിയം സൊലൈമാൻഖിൽ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. അഫ്ഗാനിൽനിന്നു പുറത്തുപോകാൻ അവസരമുണ്ടായിട്ടും അതുചെയ്യാതെ ജനങ്ങൾക്കു വേണ്ടി പോരാടാനാണ് നാബിസാദ ആഗ്രഹിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. നംഗർഹാർ സ്വദേശിയായ നാബിസാദ 2018ൽ കാബുളിൽനിന്നാണ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. താലിബാൻ അധികാരത്തിലേറിയതോടെ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
English Summary: Ex-Afghan Leader, Who Stayed Back After Taliban Takeover, Shot Dead