ADVERTISEMENT

ദുബായ്∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (81) അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്. ‌

ബ്രിട്ടിഷ് ഭരണകാലത്തു സിവിൽ സർവീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്‌റ്റ് 11ന് ഡൽഹിയിലാണ് പർവേസ് മുഷറഫിന്റെ ജനനം. വിഭജനത്തെ തുടർന്നു പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തി. റോയൽ കോളജ് ഒാഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവിൽ 1964ൽ പാക്ക് സൈനിക സർവീസിലെത്തി. രണ്ടു വട്ടം ബ്രിട്ടൻ സൈന്യത്തിൽ പരിശീലനം നേടി. 1965ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന മുഷറഫ്, അന്നു ഖേംകരൻ സെക്‌ടറിൽ പാക്ക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ - പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

pervez-musharraf-pakistan
പർവേസ് മുഷറഫ് (ഫയൽ ചിത്രം)

ബേനസീർ ഭൂട്ടോയുടെ കാലത്ത് ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തസ്‌തികയിലെത്തി. 1998ൽ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. മുഷറഫ് മേധാവിയായിരിക്കെയാണ് പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്. 1999 ഒക്ടോബർ  13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി പ്രസിഡന്റായി.

2007 മാർച്ചിൽ ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വൻ വിവാദമായിരുന്നു. ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക്ക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുഷറഫിനെതിരെ യോജിച്ചുനീങ്ങാൻ ഷരീഫും സർദാരിയും തീരുമാനിച്ചു. 2008 പിപിപി - പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു.

Pakistani President Pervez Musharaff speaks during a joint press conference with US President George W. Bush in the East Room of the White House 22 September 2006 in Washington, DC. Musharraf said Friday that a peace deal between Pakistan and tribal elders along the border with Afghanistan was "a holistic approach" to fighting the Taliban militia. Rejecting what he called misperception that the militants would find easier refuge in border regions by the deal, he said, "I explained to the president that this is a holistic approach that we are taking to fighting terrorism in Pakistan, in the tribal (areas) of Pakistan." (Photo by TIM SLOAN / AFP)
വാഷിങ്ടൻ ഡിസിയിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാക്കിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ്. 2006 സെപ്റ്റംബർ 22ലെ ചിത്രം. (Photo by TIM SLOAN / AFP)

പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തി. ‌പിന്നീടു മടങ്ങിയിട്ടില്ല. പാക്കിസ്ഥാൻ അവാമി ഇത്തേഹാദ് (പിഎഐ) എന്ന 23 രാഷ്ട്രീയ പാർട്ടികളുടെ വിശാല സഖ്യത്തിനു രൂപം നൽകി രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാൻ ഇടയ്ക്കു ശ്രമിച്ചിരുന്നു.

ഡൽഹിയിലെ കുടുംബ വസതി

പഴയ ഡൽഹി ദരിയാഗഞ്ചിലായിരുന്നു മുഷറഫിന്റെ കുടുംബ വസതിയായ നഹർവാലി ഹവേലി. അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ കാലത്ത് മന്ത്രിമന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടിഷ് ഭരണ കാലത്ത് സർക്കാർ സർവീസിൽനിന്നു വിരമിച്ച മുഷറഫിന്റെ മുത്തച്‌ഛൻ ഖാസി മുഹ്‌തശിമുദ്ദീൻ വിലയ്‌ക്കു വാങ്ങിയതാണ്. 1943ൽ ജനിച്ച മുഷറഫ് നാലു വയസ്സുവരെ ഇവിടെയായിരുന്നു. വിഭജന കാലത്ത് പാക്കിസ്‌ഥാനിലേക്കു പോയ മുഷറഫ് കുടുംബം വസ്‌ത്രവ്യാപാരി മദൻലാൽ ജെയിനു ഹവേലി വിറ്റു.  2001ൽ ഡൽഹിയിലെത്തിയപ്പോൾ മുഷറഫ് ഹവേലി സന്ദർശിച്ചിരുന്നു.  2012ൽ ഈ കെട്ടിടം ഭാഗികമായി പൊളിച്ചു.

English Summary: Former Pakistani president Pervez Musharraf passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com