ട്രാൻസ്ജെൻഡർ വ്യാജ മാനസികാവസ്ഥ, ഇസ്ലാമിൽ പുരുഷനും സ്ത്രീയും മാത്രം: വിവാദ പരാമർശവുമായി സലാം
Mail This Article
കോഴിക്കോട് ∙ ട്രാൻസ്ജെൻഡേഴ്സിനെതിരെ വിവാദ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം രംഗത്ത്. ട്രാൻസ്ജെൻഡർ എന്നത് ഒരു വ്യാജ മാനസികാവസ്ഥയാണെന്ന് സലാം അഭിപ്രായപ്പെട്ടു. പുരുഷനും സ്ത്രീയും അല്ലാതെ മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാം മതം അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലല്ലാത്ത വിവാഹത്തെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. കോഴിക്കോട് മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് സലാം വിവാദ പരാമർശം നടത്തിയത്.
‘ജെൻഡർ ന്യൂട്രാലിറ്റി എന്നു പറയുന്നത് എന്തൊരു അപഹാസ്യമാണ്. ഇസ്‍ലാം അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ടെന്ന് ഇസ്‍ലാം അംഗീകരിക്കുന്നില്ല, പഠിപ്പിക്കുന്നുമില്ല. ഖുറാനിൽ എല്ലായിടത്തും പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. അവരല്ലാത്ത ഒരു വിഭാഗം ഉണ്ടെന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ല’ – സലാം പറഞ്ഞു.
‘‘ഒരു സ്ത്രീ താൻ പുരുഷനാണെന്ന് സ്വയം അവകാശപ്പെട്ടു. അതൊരു മാനസികാവസ്ഥയാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളൊക്കെ മുറിച്ചുമാറ്റി. അതൊന്നും ആവശ്യമില്ല, താൻ പുരുഷനാണെന്നായിരുന്നു വാദം. എന്നിട്ട്, സ്ത്രീയാണെന്നു പറഞ്ഞു നടക്കുന്ന മറ്റൊരുത്തനെ വിവാഹം കഴിച്ചു. എന്നിട്ട് സംഭവിച്ചതോ, പുരുഷനാണെന്നു പറഞ്ഞ സ്ത്രീയാണ് പ്രസവിച്ചത്. ശരീരത്തിനു പുറത്തുള്ള ചില അവയവങ്ങൾ മുറിച്ചു മാറ്റിയാലും, അകത്തുള്ളവ അവിടെത്തന്നെയുണ്ടാകുമെന്ന് ഓർമയുണ്ടാകണം. ഇത് കേരളത്തിൽ സംഭവിച്ചതാണ്’ – സലാം വിശദീകരിച്ചു.
‘ആ സംഭവം നമ്മുടെ മാധ്യമങ്ങളും പാർട്ടിക്കാരും പുരോഗമനവാദികളുമെല്ലാം ആഘോഷിച്ചു. യൂറോപ്പിലുമുണ്ടായി ഒരു സംഭവം. അവിടെയൊരു പുരുഷൻ താൻ സ്ത്രീയാണെന്ന് അവകാശപ്പെട്ടു. ഇതിനിടെ ഇയാളെ ഒരു കുറ്റകൃത്യത്തിന് പിടികൂടി. താൻ സ്ത്രീയാണെന്ന് അവകാശപ്പെട്ട ഇയാൾ തന്നെ സ്ത്രീകളുടെ ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നാലു സ്ത്രീകൾക്കൊപ്പമാണ് ഇയാളെ ജയിലിൽ അടച്ചത്. ഒരു വർഷം കഴിഞ്ഞപ്പോൾ അതിൽ മൂന്നു സ്ത്രീകളും പ്രസവിച്ചു’ – സലാം പറഞ്ഞു.
‘‘വ്യാജ മാനസികാവസ്ഥയാണ് ഇത്. ഇതിനെ എതിർക്കുന്നവർ സമൂഹത്തിൽ പിന്തിരിപ്പൻമാരാകും. യാഥാസ്ഥിതികരാകും. മനുഷ്യർക്കിടയിൽ ഇത്തരം വ്യാജ അവകാശ വാദങ്ങളുമായി വന്ന് ഭിന്നിപ്പുണ്ടാക്കുകയാണ്. അതാണ് പുരോഗമനം എന്ന് അവർ പറയുന്നു. സ്വതന്ത്ര ലൈംഗികതയും ലഹരിയും കൊണ്ടുവന്നു ക്യാംപസുകളിൽ ആളെ കൂട്ടാനാണ് എസ്‌എഫ്ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്നവരിൽ കൂടുതലും എസ്എഫ്ഐ - ഡിവൈഎഫ്ഐക്കാരാണ്’ – സലാം പറഞ്ഞു.
English Summary: Muslim League Leaders PMA Salam Criticises Transgenders