മിസോറമിൽ നിലമെച്ചപ്പെടുത്തി ബിജെപി; തകര്‍ന്നടിഞ്ഞ് കോൺഗ്രസ്; സെഡ്പിഎം അധികാരത്തിലേക്ക്
Mail This Article
ഐസ്വാൾ∙ മിസോറമം നിയമസഭാ തിരഞ്ഞെടുപ്പിൽ 40ൽ 27 സീറ്റുകൾ നേടി സോറംപീപ്പിൾസ് മൂവ്മെന്റ് അധികാരത്തില്‍. ഭരണകക്ഷിയായ എംഎൻഎഫിനും കോൺഗ്രസിനു വലിയ തിരിച്ചടിയാണ് നേരിട്ടത്. ബിജെപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ ഒരു സീറ്റീൽ ജയിച്ച ബിജെപി ഇത്തവണ രണ്ടു സീറ്റുകൾ നേടി. മുഴുവൻ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്.
എംഎൻഎഫ് സംസ്ഥാന അധ്യക്ഷനും മിസോറം മുഖ്യമന്ത്രിയുമായ സോറംതംഗ ഐസോൾ ഈസ്റ്റ്–1 മണ്ഡലത്തിൽ പരാജയപ്പെട്ടു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽസോവ്തയും പരാജയപ്പെട്ടു. സെഡ്‌പിഎം മുഖ്യമന്ത്രി ലാൽദുഹോമ സെർച്ചിപ്പ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
പോസ്റ്റൽ വോട്ടുകളിൽ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിനായിരുന്നു മുൻതൂക്കം. എന്നാൽ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സ്ഥിതിമാറി. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ എംഎൻഎഫും സോറം പീപ്പിൾസ് മൂവ്മെന്റും (സെഡ്‌പിഎം) കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. എംഎൻഎഫിന്റെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് എക്സിറ്റ് പോൾ പ്രവചനം ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ എംഎൻഎഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലും കോൺഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് സമൂദായ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വോട്ടെണ്ണൽ ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ചയിലേക്കു മാറ്റിയത്.