സെഡ്‌പിഎം നേതാവ് ലാൽഡുഹോമ മിസോറം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Mail This Article
ഐസ്വാൾ∙ സോറാം പീപ്പിൾസ് മൂവ്‌മെന്റ് (സെഡ്‌പിഎം) നേതാവ് ലാൽഡുഹോമ മിസോറം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലാൽഡുഹോമയ്ക്ക് ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു പതിനൊന്ന് സെഡ്‌പിഎം നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) നേതാവും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയുമായ സൊറംതാഗയും പങ്കെടുത്തു. നിയമസഭാ കക്ഷി നേതാവ് ലാൽചന്ദമ റാൾട്ടെ ഉൾപ്പെടെ എല്ലാ എംഎൻഎഫ് എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി ലാൽ തൻഹാവ്‌ലയും ചടങ്ങിൽ പങ്കെടുത്തു.
40 അംഗ നിയമസഭയുള്ള മിസോറമിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാകും ഉണ്ടാവുക. 2019ൽ രാഷ്ട്രീയ പാർട്ടിയായി റജിസ്റ്റർ ചെയ്ത സെഡ്‌പിഎം മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടിയാണ് അധികാരത്തിലേറുന്നത്.