ക്ലിന്റൻ, ഹോക്കിങ്, ഡി കാപ്രിയോ, മൈക്കിൾ ജാക്സൻ; ലൈംഗിക പീഡന കുറ്റവാളി ജെഫ്രിയുടെ ലിസ്റ്റിൽ ഞെട്ടി യുഎസ്
Mail This Article
ന്യൂയോര്‍ക്ക്∙ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെ ആത്മഹത്യ ചെയ്ത കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ പുറത്തുവന്നതിന്റെ ഞെട്ടലിൽ യുഎസ്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖരുടെ പേരുകളാണ് രേഖകളിൽ പരാമർശിക്കപ്പെടുന്നത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങൾ, ശതകോടീശ്വരന്മാര്‍ എന്നിവരുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായിരുന്നു എപ്സ്റ്റീൻ.
2019ൽ മരിച്ച എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിലെ ആയിരത്തോളം പേജുകളാണ് ന്യൂയോര്‍ക്ക് ഡിസ്ട്രിക്ട് കോടതി ജഡ്ജി ലൊറേറ്റ പ്രെസ്‌കയുടെ ഉത്തരവു പ്രകാരം പരസ്യപ്പെടുത്തുന്നത്. ലൈംഗിക ബന്ധത്തിനായി 14 വയസുകാരിക്ക് പണം വാഗ്ദാനം ചെയ്തതിന് 2005ല്‍ ഫ്ലോറിഡയില്‍ വച്ചാണ് ഇയാള്‍ ആദ്യമായി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി.
2015ലാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ക്ക് അടിസ്ഥാനമായ കേസുണ്ടായത്. വിര്‍ജീനിയ ഗ്യുഫ്‌റെ എന്ന സ്ത്രീയാണ് ജെഫ്രി എപ്‌സ്റ്റീന്റെ കൂട്ടാളിയായിരുന്ന ഗിസ്‌ലൈന്‍ മാക്‌സ്‌വെലിനെതിരെ കേസ് ഫയല്‍ ചെയ്തത്. 2021ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഇതുവരെ പുറത്തുവന്ന രേഖകളില്‍ 170ലേറെ പേരുകളാണ് ഉള്ളത്. പ്രമുഖരായ പലരുടെയും പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരിൽ പലരും ചെയ്ത ലൈംഗിക കുറ്റകൃത്യങ്ങളും രേഖകളില്‍ വിശദീകരിക്കുന്നുണ്ട്.
ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ലിയെനാര്‍ഡോ ഡി കാപ്രിയോ, ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, അന്തരിച്ച പോപ് താരം മൈക്കിള്‍ ജാക്‌സണ്‍, ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ജി ബ്രിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ഭാഷാപണ്ഡിതനായ നോം ചോസ്‌കി, ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്, ഓസ്‌ട്രേലിയന്‍ നടി കേറ്റ് ബ്ലാന്‍ചെറ്റ് തുടങ്ങിയവരുടെ പേരുകൾ രേഖകളിൽ പരാമർശിക്കുന്നുണ്ട്.
യുഎസിലെ വെര്‍ജിന്‍ ദ്വീപ് സമൂഹത്തിലെ ഒരു ദ്വീപ് എപ്സ്റ്റീന്റെ ഉടമസ്ഥതയിലായിരുന്നു. ലിറ്റില്‍ സെന്റ് ജെയിംസ് ഐലന്‍ഡ് എന്ന ഈ സ്വകാര്യ ദ്വീപിനെ പീഡോഫൈല്‍ ഐലൻഡ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും എപ്സ്റ്റീൻ എത്തിച്ചിരുന്നത് ഇവിടെയാണെന്നാണ് റിപ്പോർട്ട്.