റായുഡുവിന്റെ രാഷ്ട്രീയ ഇന്നിങ്സിന് അൽപായുസ്; വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന് 9–ാം ദിനം രാജി
Mail This Article
അമരാവതി∙ രാഷ്ട്രീയത്തിന്റെ പിച്ചിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന്റെ ഇന്നിങ്സിന് അൽപായുസ് മാത്രം. ഒൻപതു ദിവസം മുൻപ് ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന അമ്പാട്ടി റായുഡു, ഒൻപതാം ദിവസം പാർട്ടിയിൽനിന്നു രാജിവച്ചു. കാരണം വ്യക്തമാക്കാതെയാണ് രാജി. രാഷ്ട്രീയത്തിൽനിന്ന് തൽക്കാലം ഇടവേളയെടുക്കുകയാണെന്നും റായുഡു എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
‘‘വൈഎസ്ആർസിപി പാർട്ടിയിൽനിന്ന് രാജിവയ്ക്കാനും രാഷ്ട്രീയത്തിൽനിന്ന് തൽക്കാലം ഇടവേളയെടുക്കാനും തീരുമാനിച്ച വിവരം അറിയിക്കാനാണ് ഈ പോസ്റ്റ്. ഭാവി പരിപാടികൾ അതതു സമയത്ത് എല്ലാവരെയും അറിയിക്കുന്നതായിരിക്കും. നന്ദി.’’ – എക്സ് പ്ലാറ്റ്ഫോമിലെ ലഘു കുറിപ്പിൽ അമ്പാട്ടി റായുഡു വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ ഓഫിസിൽ വച്ചായിരുന്നു റായുഡുവിന്റെ പാർട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. റായിഡു പാർട്ടിയിൽ ചേർന്ന കാര്യം വൈഎസ്ആർസിപി തന്നെയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ചിട്ടുള്ള റായിഡു ആന്ധ്രപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ചും കളത്തിലിറങ്ങിയിട്ടുണ്ട്. 2023ലെ ഐപിഎൽ മത്സരങ്ങൾക്കു ശേഷം അമ്പാട്ടി റായിഡു ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിരുന്നു.