അണ്ണാഡിഎംകെയോടും ബിജെപിയോടും വിലപേശാൻ പിഎംകെയും ഡിഎംഡികെയും

Mail This Article
ചെന്നൈ ∙ സഖ്യകക്ഷികളെ തേടുന്ന അണ്ണാഡിഎംകെയോടും ബിജെപിയോടും വിലപേശാൻ ഉറച്ച് അൻപുമണി രാംദാസിന്റെ പാട്ടാളി മക്കൾ കക്ഷിയും (പിഎംകെ) വിജയകാന്ത് രൂപീകരിച്ച ഡിഎംഡികെയും തന്ത്രങ്ങളൊരുക്കുന്നു. നിലവിൽ എൻഡിഎ സഖ്യത്തിലുള്ള ജി.കെ.വാസൻ മധ്യസ്ഥനായാണ് ബിജെപിക്കു വേണ്ടി മറ്റു കക്ഷികളോടു ചർച്ചകൾ നടത്തുന്നത്.
പിഎംകെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 12 ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റുമാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ, 7 സീറ്റു നൽകാമെന്ന നിലപാട് ബിജെപി സ്വീകരിച്ചതോടെ ചർച്ചകൾ വഴിമുട്ടി. ഇതിനിടെ, 4 സീറ്റു നൽകുന്നവരുമായേ സഖ്യമുള്ളൂ എന്നു ഡിഎംഡികെ പ്രഖ്യാപിച്ചു. വിജയകാന്തിന്റെ മരണശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ സഹതാപതരംഗം ഡിഎംഡികെ സ്ഥാനാർഥികൾക്കു ഗുണകരമായേക്കും. ഇന്നു ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനപ്പെട്ട തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും.
വിരുന്നൊരുക്കാൻ ശശികല
മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ 75-ാം ജന്മവാർഷിക ദിനമായ 24ന് തോഴി വി.കെ.ശശികല പോയസ് ഗാർഡനിലെ വേദനിലയത്തിന് എതിർവശത്തുള്ള തന്റെ പുതിയ വീട്ടിൽ വിരുന്നൊരുക്കും. മുൻ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരുൾപ്പെടെയുള്ളവരെ ക്ഷണിക്കുന്നുണ്ട്. ഒരേസമയം 500 പേർക്ക് ഇരിക്കാൻ കഴിയുന്ന ഹാൾ വീടിന്റെ രണ്ടാമത്തെ നിലയിലുണ്ട്. ഇവിടെ വിപുലമായ യോഗവും നടത്തും. എന്നാൽ, പാർട്ടി പിന്തുണയോ അധികാരങ്ങളോ ഇല്ലാത്ത ശശികലയെ പേടിക്കേണ്ടെന്ന നിലപാടിലാണ് അണ്ണാഡിഎംകെ ഉൾപ്പെടെയുള്ളവർ.