അമിത് ഷായ്ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് സുൽത്താൻപുർ കോടതി
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ ഗാന്ധി ഇന്നു രാവിലെ കോടതിയിൽ ഹാജരായിരുന്നു. ഇന്നു ഉച്ചവരെ ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ചാണ് രാഹുൽ കോടതിയിലെത്തിയത്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 2018ൽ ബെംഗളൂരുവിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് വിജയ് മിശ്രയാണു കോടതിയെ സമീപിച്ചത്. ‘‘സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതക കേസിൽ പ്രതിയായ ഒരു പാർട്ടി അധ്യക്ഷൻ അവർക്കുണ്ട്’’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായിരിക്കെയായിരുന്നു രാഹുലിന്റെ പരാമർശം. 2005ലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി അമിത ഷായെ കുറ്റവിമുക്തനാക്കിയിട്ട് നാല് വർഷത്തിനുശേഷമായിരുന്നു രാഹുലിന്റെ പരാമർശം. ഇതോടെയാണ് വിജയ് മിശ്ര കോടതിയെ സമീപിച്ചത്.