‘തെറ്റാണ്, അടിസ്ഥാനരഹിതം’: പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരനായെന്ന ആരോപണം നിഷേധിച്ച് ബെഹ്റ
Mail This Article
കൊച്ചി∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്നാഥ് ബെഹ്റ. പത്മജയുടെ ബിജെപി പ്രവേശനത്തിനു ബെഹ്റയാണ് ഇടനിലക്കാരനായതെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. അടിസ്ഥാനരഹിതവും വസ്തുതയ്ക്കു നിരക്കാത്തതുമായ കാര്യമാണ് അതെന്ന് ബെഹ്റ പറഞ്ഞു.
Read also: അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച; പാർട്ടി വിട്ട് വീണവരും വാണവരും
‘‘ആരോപണം തെറ്റാണ്, അടിസ്ഥാനരഹിതമാണ്, വസ്തുതയ്ക്കു നിരക്കാത്തതാണ്. ഇതിൽ ഒരു സത്യവുമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല’’– ബെഹ്റ മനോരമ ന്യൂസിനോടു പറഞ്ഞു. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയെ ബിജെപി പരിപാടിക്ക് എത്തിച്ചത് താനാണെന്ന ആരോപണവും ബെഹ്റ നിഷേധിച്ചു.
പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരനായതു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ആദ്യം ആരോപണമുന്നയിച്ചത്. ഇതിനു പിന്നാലെ ബെഹ്റയുടെ പേരു വെളിപ്പെടുത്തി കെ.മുരളീധരൻ രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ബെഹ്റയ്‌ക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.