ADVERTISEMENT

ന്യൂഡൽഹി∙ ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കാനാണു ബിജെപിയുടെ നീക്കമെന്ന് ആരോപിച്ച് ഡൽഹി മന്ത്രി അതിഷി. രാഷ്ട്രപതി ഭരണം നടപ്പാക്കുന്നതു നിയമവിരുദ്ധമാണെന്നും ജനങ്ങളുടെ താല്പര്യത്തിന് എതിരായിട്ടാണെന്നും അതിഷി പറഞ്ഞു. 

അതിഷിയുടെ വാദത്തെ പ്രതിരോധിച്ച് ബിജെപി ഡൽഹി യൂണിറ്റ് അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ് രംഗത്തെത്തി. തെറ്റായ കാര്യങ്ങളാണ് അതിഷി പറയുന്നതെന്നും ഓപ്പറേഷൻ താമര എന്ന എഎപിയുടെ പഴയ വാദം അവസാനിപ്പിച്ച് രാഷ്ട്രപതി ഭരണം എന്ന പുതിയ വാദം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

‘‘എഎപി സർക്കാരിനെ താഴെയിടുന്നതിനു വേണ്ടി നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കേജ്‌രിവാളിന്റെ അറസ്റ്റ്. ഡൽഹിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്നു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്ന് ഞങ്ങൾക്ക് അറിയാൻ സാധിച്ചിട്ടുണ്ട്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 2015ലും 2020ലും ബിജെപിയെ എഎപി പരാജയപ്പെടുത്തിയിരുന്നു. സർക്കാരിനെ താഴെയിറക്കാൻ അവർ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്’’ അതിഷി പറഞ്ഞു. 

രാജ്യതലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യത സൂചിപ്പിക്കുന്ന നിരവധി സംഭവവികാസങ്ങൾ അടുത്തിടെ ഉണ്ടായെന്നും അവർ പറഞ്ഞു. ‘‘കഴിഞ്ഞ കുറച്ചുമാസങ്ങളായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെയൊന്നും ഡൽഹിയിൽ നിയമിച്ചിട്ടില്ല. പദവികൾ ഒഴിഞ്ഞുകിടക്കുകയാണ്. മന്ത്രിമാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നത് ഉദ്യോഗസ്ഥർ അവസാനിപ്പിച്ചു. ഡൽഹി സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് ഗവർണർ ആഭ്യന്തരമന്ത്രാലയത്തിനു കത്ത് അയയ്ക്കുന്നു’’ – അതിഷി ചൂണ്ടിക്കാട്ടി. 

എന്നാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ഭയം എഎപിയെ പിടികൂടിയിരിക്കുകയാണെന്ന് സച്ച്ദേവ് ആരോപിച്ചു. ‘‘അറുപതിലധികം എംഎൽഎമാരുണ്ട്. പിന്നെ അവർ എന്തിനാണു ഭയക്കുന്നത്. സാങ്കല്പിക കഥകൾ മെനയുന്നതിൽ പ്രാവീണ്യമുള്ളയാളാണ് അതിഷി. അറുപതിലധികം വരുന്ന എംഎൽഎമാർ അവരെ വിട്ടുപോകുമെന്നാണോ അവർ ഭയക്കുന്നത്. അങ്ങനെയാണെങ്കിൽ അത് അവരുടെ ഭയമാണ്. ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല’’ – സച്ച്ദേവ് പറഞ്ഞു. 

English Summary:

AAP leader Atishi claims that there is chance to impose president rule in Delhi soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com