ADVERTISEMENT

പട്ടാമ്പി∙ പാലക്കാട് പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പിൽ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയ തൃത്താല ആലൂർ മൂലടിയിൽ സന്തോഷ് (45), യുവതി മുൻപ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചതാണു സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം.

പ്രവിയ നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധം ഒഴിവായിരുന്നു. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.

ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇന്നു രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ, വഴിക്കുവച്ച് സന്തോഷ് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണു പൊലീസിന്റെ നിഗമനം. സ്കൂട്ടർ തടഞ്ഞ് പ്രവിയയെ കുത്തിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തെന്നാണ് അനുമാനം. പ്രവിയയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രവിയയുടെ മരണവുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

English Summary:

Pattambi Praviya Murder Case - Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com