ബാർ കോഴയ്ക്കെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാർച്ച്
Mail This Article
കോഴിക്കോട്∙ ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് മന്ത്രിയാണ് പൊലീസിൽ അന്വേഷണം ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചത് ശബ്ദസന്ദേശത്തെക്കുറിച്ചാണ്, ഗൂഢാലോചനയെക്കുറിച്ചല്ല. ഈ വിഷയത്തിൽ പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്നുറപ്പാണ്. അതിനാലാണ് യുഡിഎഫ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കാനാണ് ക്രൈംബ്രാഞ്ച് കേസിൽ തെളിവുകളൊന്നുമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും ഹസൻ പറഞ്ഞു.
‘‘അബ്കാരി നയം ചർച്ച ചെയ്യാനാണ് ടൂറിസം വകുപ്പ് യോഗം വിളിച്ചതെന്ന റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ടൂറിസം മന്ത്രി പറഞ്ഞത്. ഡ്രൈ ഡേ മാറ്റി ടൂറിസത്തിലൂടെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല, സിപിഎമ്മിന്റെ വരുമാനം കൂടി വർധിപ്പിക്കാനാണ് നീക്കം. അതാണ് ശബ്ദസന്ദേശത്തിൽ നിന്ന് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം നിയമസഭയിലേക്ക് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് നടത്തും.’’ – ഹസൻ പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണത്തിൽ സർക്കാർ പൂർണ പരാജയമാണ്. തദ്ദേശസ്ഥാപനങ്ങളുടെ യോഗം പോലും ചേരാതെ വകുപ്പ് മന്ത്രി നാട് ചുറ്റുകയാണ്. മുഖ്യമന്ത്രി ഇടപെടുന്നുമില്ല. ശുചീകരണം നടത്താത്തതിന് വലിയ വില നൽകേണ്ടിവരും. സ്വർണക്കടത്ത് കേസിൽ ശശി തരൂരിന്റെ മുൻ പിഎ അറസ്റ്റിലായതിനെക്കുറിച്ച് അറിയില്ലെന്നും ഹസൻ പറഞ്ഞു.