നഡ്ഡ മന്ത്രിസഭയിലേക്ക്; അമിത് ഷാ, ചൗഹാൻ, ഖട്ടർ മന്ത്രിമാർ; ആരാകും പുതിയ ബിജെപി അധ്യക്ഷൻ?
Mail This Article
ന്യൂഡൽഹി ∙ മൂന്നാം മോദി മന്ത്രിസഭയിൽ ജെ.പി.നഡ്ഡ അംഗമായതോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നതു ബിജെപിയിലേക്ക്. നരേന്ദ്ര മോദിക്കു പിന്നാലെ അഞ്ചാമനായാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സത്യപ്രതിജ്ഞ ചെയ്തത്. ‘ഒരാൾക്ക് ഒരു പദവി’ എന്ന നയമുള്ളതിനാൽ നഡ്ഡയ്ക്കു പകരക്കാരനായി ബിജെപിക്കു പുതിയ അധ്യക്ഷൻ വരുമെന്ന് ഉറപ്പായി. ആരാകും ബിജെപിയുടെ പുതിയ അധ്യക്ഷൻ എന്നതാണു പാർട്ടിക്കുള്ളിലും പുറത്തും ചർച്ച.
പാർട്ടി അധ്യക്ഷനായി നഡ്ഡയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ആദ്യ മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു നഡ്ഡ. 2019ൽ അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ പാർട്ടി അധ്യക്ഷന്റെ ചുമതല നഡ്ഡ ഏറ്റെടുത്തു.
അമിത് ഷായുടെ നേതൃത്വത്തിൽ 2014, 2019 വർഷങ്ങളിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി, മൂന്നാമതും അധികാരത്തിലേക്ക് എത്തിയതു നഡ്ഡയുടെ നേതൃത്വത്തിലാണ്. എൻഡിഎ മുന്നണിയായാണു മത്സരിച്ചതെങ്കിലും 2014 ലും 2019 ലും ബിജെപി ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടി. ഇത്തവണ 441 സീറ്റിൽ മത്സരിച്ചെങ്കിലും ബിജെപിക്ക് 240 സീറ്റാണു നേടാനായത്.
ഇത്തവണ എൻഡിഎ സഖ്യകക്ഷികളുടെ സഹായത്തോടെയാണു മോദിയുടെ ഭരണത്തുടർച്ച. നഡ്ഡയുടെ പകരക്കാരൻ ആരാകും എന്നതിനെപ്പറ്റി പല അഭ്യൂഹങ്ങളാണു പ്രചരിക്കുന്നത്. മുൻ ഹരിയാന മുഖ്യമന്ത്രിയും എംപിയുമായ മനോഹർ ലാൽ ഖട്ടറിന്റെ പേരാണു മുഖ്യമായും കേട്ടിരുന്നത്. എന്നാൽ അദ്ദേഹം കേന്ദ്രമന്ത്രിസഭയുടെ ഭാഗമായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും എംപിയുമായ ശിവരാജ് സിങ് ചൗഹാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ ചൗഹാനും കേന്ദ്രമന്ത്രിയായി.
പല മുൻ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിസഭയുടെ ഭാഗമായതോടെ ‘സർപ്രൈസ്’ ആയി ഒരാൾ വരുമെന്നാണു കരുതുന്നത്. സഖ്യകക്ഷികളെ ആശ്രയിച്ചുള്ള ഭരണമായതിനാൽ ആർഎസ്എസിനു കൂടി താൽപര്യമുള്ള നേതാവാകും ബിജെപി അധ്യക്ഷനാവുക.