പ്രധാനമന്ത്രിയായി മൂന്നാമൂഴം; പുതുചരിത്രമെഴുതി മോദി
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് ചരിത്രമെഴുതി നരേന്ദ്ര മോദി. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനു ശേഷം തുടർച്ചയായി മൂന്നാം വട്ടം ഇതേ പദവിയിലെത്തുന്ന ആദ്യയാളാണു മോദി. നെഹ്റു, മകൾ ഇന്ദിരാ ഗാന്ധി എന്നീ പ്രധാനമന്ത്രിമാർക്കു ശേഷം മൂന്നാമതും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവു കൂടിയാണു മോദി.
നെഹ്റു ആണ് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായത്. 1947 മുതൽ 1964 വരെയായി 16 വർഷവും 286 ദിവസവും അദ്ദേഹം പദവിയിൽ തുടർന്നു. തൊട്ടുപിന്നിൽ ഇന്ദിരാ ഗാന്ധിയാണ്. 1966–1977, 1980–1984 ടേമുകളിലായി 15 വർഷവും 350 ദിവസവും പ്രധാനമന്ത്രിയായി. മൻമോഹൻ സിങ് 2004 മുതൽ 2014 വരെ 10 വർഷവും 4 ദിവസവും പദവിയിൽ തുടർന്നു. മൂവരും കോൺഗ്രസ് നേതാക്കളാണ്.
അടൽ ബിഹാരി വാജ്‍പേയിയും നരേന്ദ്ര മോദിയുമാണ് കൂടുതൽ കാലം അധികാരത്തിലിരുന്ന ബിജെപി (എൻഡിഎ) പ്രധാനമന്ത്രിമാർ. വാജ്‌പേയി 1996, 1998–2004 ടേമുകളിലായി 6 വർഷവും 80 ദിവസവും പ്രധാനമന്ത്രിയായി. 2014 മുതൽ അധികാരത്തിലുള്ള മോദി 10 വർഷവും 19 ദിവസവും പിന്നിട്ടു.
സ്വാതന്ത്ര്യസമര പശ്ചാത്തലവും മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള സഹകരണവുമാണു നെഹ്റുവിന്റെ വീക്ഷണങ്ങളെ രൂപപ്പെടുത്തിയത്. സ്വാതന്ത്ര്യാനന്തരമുള്ള ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ആഗോള തലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്നതിലും നെഹ്റു നിർണായക പങ്കുവഹിച്ചു.
തുടർച്ചയായി മൂന്നു തവണ അധികാരത്തിലെത്താൻ എൻഡിഎ മുന്നണിയെ സഹായിച്ചതു ബിജെപിയിലെ ജനപ്രിയ നേതാവായ മോദിയാണ്. ഇതിൽ 2014ലും 2019ലും ബിജെപി ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടിയെങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 240 സീറ്റിലൊതുങ്ങേണ്ടിവന്നു. സ്വച്ഛ് ഭാരത്, മേക്ക് ഇൻ ഇന്ത്യ, പിഎം കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയ മോദി സർക്കാരിന്റെ ചില നയങ്ങൾ വിമർശനങ്ങൾക്കും കാരണമായിരുന്നു.