ജനങ്ങളുടെ മുന്നറിയിപ്പ് മനസ്സിലാക്കുന്നു; നേതാക്കൾ വിമർശനത്തിന് അതീതരല്ലെന്ന് ബിനോയ് വിശ്വം
Mail This Article
കോഴിക്കോട്∙ ജനങ്ങളുടെ മുന്നറിയിപ്പ് മനസ്സിലാക്കുന്നുവെന്നും ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തെ മാനിക്കുന്നെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുത്തേണ്ടത് തിരുത്തും. തിരഞ്ഞെടുപ്പ് പരാജയം മുന്നറിയിപ്പാണ്. സര്‍ക്കാര്‍ ഇടതുപക്ഷ നയങ്ങളില്‍നിന്നു വ്യതിചലിക്കരുത്. ക്ഷേമപെന്‍ഷന്‍ മുടങ്ങരുത്. മാവേലി സ്റ്റോറുകള്‍ കാലിയാക്കരുത്. നേതാക്കൾ വിമര്‍ശനത്തിന് അതീതരല്ല. ചര്‍ച്ചകളില്‍ വിമര്‍ശനം സ്വാഭാവികമാണ്. വിമര്‍ശനങ്ങള്‍ മുന്നണി ഐക്യത്തെ ബാധിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘‘എല്ലാവരേക്കാളും വലിയവര്‍ ജനങ്ങളാണ്. അത് ഞങ്ങള്‍ കാണുന്നുണ്ട്. ജനങ്ങള്‍ ചില കാര്യങ്ങളില്‍ എല്‍ഡിഎഫിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജനകല്‍പനയെ ഞങ്ങള്‍ സ്വീകരിക്കും. എല്‍ഡിഎഫ് ഇപ്പോള്‍ പോകുന്നത് പോലെ പോയാല്‍ പോരാ എന്നാണ് ജനങ്ങള്‍ പറയുന്നത്. തിരുത്താനുള്ള കാര്യങ്ങള്‍ തിരുത്തും. ഇടതുപക്ഷ മൂല്യങ്ങള്‍ മറന്നു പോയിട്ടില്ല. എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയും. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നവരെല്ലാവരുമായി കൂട്ട് പിടിക്കാം.
രാജസ്ഥാനില്‍ കമ്യൂണിസ്റ്റ് എംപി ഉണ്ടായത് കോണ്‍ഗ്രസിന്റെ സഹായം കൊണ്ടാണ്. അതു കാലത്തിന്റെ മാറ്റമാണ്. കോണ്‍ഗ്രസിനെ നേരത്തെ മുന്‍വിധിയോടെ കാണേണ്ടതില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യശത്രു ഫാഷിസ്റ്റായ ബിജെപിയാണ്. കേരളത്തിലെ ഫലം എന്തായാലും ഇന്ത്യ സഖ്യത്തെ ജനങ്ങള്‍ മാനിച്ചിരിക്കുന്നു. ഇന്ത്യ സഖ്യം ഫാഷിസത്തിനെതിരായ പോരാട്ട വീര്യത്തിന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.’’ – ബിനോയ് വിശ്വം പറഞ്ഞു.
പൂര്‍വാധികം ശക്തിയോടെ ഇടതുപക്ഷം തിരിച്ചുവരും. സിപിഎം ഉള്‍പ്പെടെ എല്ലാ കക്ഷികളും തിരുത്തും. നേതാക്കന്മാര്‍ക്ക് ഹാലേലുയ പാടാന്‍ അല്ല ചര്‍ച്ചകള്‍. നേതാവ് പറയുന്നതിന് കയ്യടിക്കലല്ല ചര്‍ച്ചകള്‍. വിമര്‍ശനം മുന്നണി ഐക്യത്തെ തകര്‍ക്കില്ല. ഒന്നിച്ചു മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.