ADVERTISEMENT

ചെന്നൈ ∙ മറീന ബീച്ചില്‍ ഞായറാഴ്ച വ്യോമസേനയുടെ ‘എയർ ഷോ 2024’ കാണാൻ വന്ന ജനങ്ങളിൽ അഞ്ചു പേരാണ് കടുത്ത ചൂടും നിർജലീകരണവും കാരണം മരിച്ചത്. മറീന ബീച്ചും സമീപ പ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെയായിരുന്നു ചെന്നൈ നഗരം അന്നു കണ്ടത്. കിലോമീറ്ററുകളോളം ദൂരത്തിൽ ജനങ്ങൾ എയർ ഷോ കാണാനെത്തിയിരുന്നു. എവിടെയാണു സംഘാടകർക്കു പിഴച്ചത്? ചൂട് തന്നെയാണോ വില്ലനായത്?

ചെന്നൈയിൽ ഇപ്പോൾ ചൂടു കാലമാണെങ്കിലും മേയ്, ജൂൺ മാസങ്ങളിലാണ് ചൂട് ഉച്ചസ്ഥായിയിൽ എത്തുന്നത്. കത്തിരി മാസത്തിലെ കത്തിരിച്ചൂട് തമിഴ്നാട്ടിൽ പ്രസിദ്ധമാണ്. ഇക്കാലയളവിൽ ചെന്നൈ അടക്കമുള്ള തമിഴ്നാടിന്റെ വിവിധ മേഖലകളിൽ ചൂട് 45 ഡിഗ്രിക്ക് മുകളിൽ എത്താറുള്ളതാണ്. എന്നാൽ ഇത്തവണ ഒക്ടോബറില്‍ ചൂടു കനത്തതും മരണ കാരണമായതായാണ് നിഗമനം. 

മറീന ബീച്ചിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ (Photo : Special Arrangement)
മറീന ബീച്ചിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ (Photo : Special Arrangement)

എയർഷോയ്ക്കായി വലിയ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയിരുന്നത്. അവധി ദിവസമായതിനാൽ ജനങ്ങൾ കൂട്ടത്തോടെ മറീനയിലേക്ക് ഒഴുകിയെത്തി. രണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു ചെന്നൈയിൽ വ്യോമസേനാ എയർ ഷോ. 10 ലക്ഷത്തിൽ താഴെ ജനങ്ങൾ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകൾ തെറ്റി. ട്രെയിനിലും മെട്രോയിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി രാവിലെ മുതൽ ജനം ഒഴുകിയെത്തി. ഏകദേശം 13 ലക്ഷം പേർ എത്തിയെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. 

രാവിലെ 11 നും ഉച്ചയ്ക്ക് ഒന്നിനും ഇടയിലായിരുന്നു എയർ ഷോ നിശ്ചയിച്ചിരുന്നത്. ഇത്രയും സമയം കനത്ത ചൂടിൽ ജനക്കൂട്ടം തിങ്ങി നിറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി. പരിപാടി കഴിഞ്ഞ് ആളുകള്‍ കൂട്ടത്തോടെ തിരികെപ്പോകാൻ ശ്രമിച്ചതും തിരിച്ചടിയായി. 40-ലധികം ആംബുലൻസുകൾ, മെഡിക്കൽ ടീമുകൾ, ഡോക്ടർമാർ, ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് തുടങ്ങിയ സന്നാഹങ്ങളുണ്ടായിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു.

മറീന ബീച്ചിൽ എയർ ഷോ കാണാനെത്തിയവർ (Photo : Special Arrangement)
മറീന ബീച്ചിൽ എയർ ഷോ കാണാനെത്തിയവർ (Photo : Special Arrangement)

ഇവിടം കൊണ്ടും വീഴ്ചകൾ അവസാനിച്ചില്ല. കുട്ടികൾക്കും സ്‌ത്രീകൾക്കും പ്രായമായവർക്കും പുറത്തേക്കു പോകാൻ പ്രത്യേക വഴിയൊരുക്കാനും അധികൃതർക്ക് സാധിച്ചിരുന്നില്ല. തിരക്കു പരിഗണിച്ച് കൂടുതൽ ബസ് സർവീസുകളോ ലോക്കൽ ട്രെയിൻ സർവീസുകളോ ഉണ്ടായിരുന്നില്ല. ചൂടും നിർജലീകരണവും മൂലം 100 ലധികം ആളുകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗികളുമായി പുറപ്പെട്ട ആംബുലൻസുകൾ പലതും ജനക്കൂട്ടത്തിനിടയിൽ കുരുങ്ങുകയും ചെയ്തു. ‘ക്രൗഡ് മാനേജ്‌മെന്റിലെ’ ദീർഘവീക്ഷണമില്ലായ്മ തന്നെയാണ് ഇതിൽ തിരിച്ചടിയായത്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരങ്ങൾ കാണാൻ 40,000 പേർ എത്താറുണ്ട്. അത് അധികൃതർ കൈകാര്യം ചെയ്യാറുമുണ്ട്. എന്നാൽ അതേ ലാഘവത്തോടെ 13 ലക്ഷം പേർ വരുന്ന പരിപാടി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയതിലാണ് സർക്കാർ സംവിധാനങ്ങൾക്കു വീഴ്ച പറ്റിയതെന്നാണ് വിലയിരുത്തൽ.

English Summary:

Chennai Air Show Tragedy: 5 Dead from Heat and Dehydration Amidst Massive Crowds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com