അൻവറിന്റെ ഉപാധി തള്ളി യുഡിഎഫ്; വിമാനങ്ങൾക്കുള്ള ബോംബ് ഭീഷണി തുടരുന്നു: അറിയാം പ്രധാന വാർത്തകൾ
Mail This Article
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് പി.വി.അൻവർ രംഗത്തെത്തിയതാണ് ഇന്നത്തെ പ്രധാന തലക്കെട്ട്. ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാർഥി എൻ.കെ.സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിന്റെ ഉപാധി യുഡിഎഫ് തള്ളി.
അതിനിടെ രാജ്യത്തെ വിമാന കമ്പനികൾക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടരുകയാണ്. സുരക്ഷാ ഏജൻസികളിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായി നിലത്തിറക്കി. വിസ്താര, ആകാശ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി സമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്. വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ, അവയുടെ കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാനായാണ് നീക്കം.
അലൻ വോക്കർ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ കൂട്ടക്കവർച്ച ചെയ്ത ഉത്തരേന്ത്യൻ സംഘത്തിലെ രണ്ടുപേരെ കൊച്ചിയിലെത്തിച്ചു. ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ച് പ്രദേശത്തു നിന്നു പിടികൂടിയ അതിപുർ റഹ്മാൻ, വസീം അഹമ്മദ് എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു സംഘങ്ങളാണ് കവർച്ചയ്ക്കു പിന്നിലെന്ന് പൊലീസ് അറിയിച്ചു.
വർഷങ്ങൾക്ക് ശേഷം സോണിയാ ഗാന്ധി കേരളത്തിലെത്തുന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സോണിയ സംസ്ഥാനത്തെത്തുന്നത്. പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധി എത്തുമെന്ന് നേരത്തേതന്നെ അറിയിച്ചിരുന്നു.
ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്കൂളിനു സമീപം ഞായറാഴ്ച രാവിലെ ഉഗ്രസ്ഫോടനം നടന്നത് പരിഭ്രാന്തി പരത്തി. സ്‌കൂളിന്റെ മതിലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു.