‘ഐ ലവ് ഭൂത്’; സോഷ്യൽ മീഡിയ താരമാകാനും സമ്പന്നയാകാനും ആഗ്രഹിച്ചു, ഒടുവിൽ സോണിയെ ‘ഭൂതം’ കൊന്നു
Mail This Article
ന്യൂഡൽഹി∙ 7000 ഫോളോവർമാരാണ് സോണിയ(സോണി) യ്ക്ക് ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നത്. ഈ പതിനെട്ടുകാരിയുടെ ആഗ്രഹം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകാനും അതുവഴി സമ്പാദിക്കാനുമായിരുന്നു. പക്ഷേ, ആ മോഹം പ്രിയപ്പെട്ട ‘ഭൂതം’ അവസാനിപ്പിച്ചു. സോണിയയുടെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിരിക്കുന്ന ഒരു വാചകമുണ്ട് – ഐ ലവ് ഭൂത് (ഞാൻ ഭൂതത്തെ ഇഷ്ടപ്പെടുന്നു). കാമുകൻ മുഹമ്മദ് സലീം എന്ന സഞ്ജുവിന്റെ സോണിയ വിളിച്ചിരുന്നതാണ് ഭൂത് എന്ന്. ഏഴു മാസം ഗർഭിണിയായ സോണിയയെ സലീമും രണ്ടു സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തി, കുഴിച്ചുമൂടി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായിരുന്നു കാരണം.
സലീമിനൊപ്പം നിരവധി വിഡിയോകളും ഫോട്ടോകളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സലീമും സോണിക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹം കഴിക്കണമെന്ന് സലീമിനോടു പലവട്ടം പറഞ്ഞിരുന്നു. എന്നാൽ സലീം തയാറായിരുന്നില്ല. ഗർഭഛിദ്രം നടത്തണമെന്നായിരുന്നു ആവശ്യം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. തിങ്കളാഴ്ച സോണി സലീമിനെ കാണാൻ പോയിരുന്നു. അന്ന് സലീമും രണ്ടു സുഹൃത്തുക്കളും സോണിയുമായി ഹരിയാനയിലെ റോത്തക്കിലേക്കു പോയി. അവിടെവച്ച് കൊന്ന് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. സലീമും ഒരു സുഹൃത്തും അറസ്റ്റിലായി. ഒരാൾ ഒളിവിലാണ്.
ബിഹാറിൽനിന്ന് ഡൽഹിയിലേക്കു കുടിയേറിയ അതിഥി തൊഴിലാളികളുടെ മകളായിരുന്നു സോണിയ. തുച്ഛമായ വരുമാനത്തിൽ ജീവിക്കാൻ മാതാപിതാക്കൾ കഷ്ടപ്പെടുന്നതുകണ്ട അവൾക്ക് പത്താംക്ലാസോടുകൂടി പഠനം നിർത്തേണ്ടിവന്നുവെന്ന് സഹോദരി നേഹ പറഞ്ഞു. ‘‘ദീർഘനാൾ മിച്ചംപിടിച്ച പണവുമായി സോണിയ ഒരു സ്മാർട്ട് ഫോൺ വാങ്ങി. മാതാപിതാക്കൾ ജോലിക്കുപോയി, വീട്ടിലെ പണികളെല്ലാം തീർത്തശേഷം ദിവസം മുഴുവനിരുന്ന് റീൽസ് ചിത്രീകരിക്കുകയും ഇൻസ്റ്റഗ്രാമിൽ ഇടുകയുമായിരുന്നു സ്ഥിരം പരിപാടി. പുതിയ വസ്ത്രങ്ങൾ വാങ്ങാനിഷ്ടപ്പെട്ടിരുന്ന സോണിയയ്ക്ക് ഫാഷനെക്കുറിച്ചും വസ്ത്രധാരണം എങ്ങനെ വേണമെന്നതിനെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. തയ്യൽ പഠിച്ചെടുത്ത സോണിയ സ്വന്തം വസ്ത്രങ്ങൾ തനിയെ ഡിസൈൻ ചെയ്യാനും ശ്രമിച്ചിരുന്നു’’ – സഹോദരി കൂട്ടിച്ചേർത്തു.
ഡൽഹിയിലെ നംഗ്ലോയിയിലുള്ള കംറുദ്ദീൻ നഗറിലെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സ്വന്തമായി വീടു വാങ്ങണമെന്ന ആഗ്രഹം അവൾക്കുണ്ടായിരുന്നു. നഗരത്തിൽ പ്രമുഖ സ്ഥലങ്ങളിലെല്ലാം പോയി സോണിയ റീലുകൾ ഷൂട്ട് ചെയ്തിരുന്നുവെന്ന് സഹോദരീ ഭർത്താവ് മനീഷ് പറഞ്ഞു. ‘‘കൊണൗട്ട് പ്ലേസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നുള്ള റീൽസ് സോണിയയുടെ ഇൻസ്റ്റഗ്രാമിലുണ്ട്. യൂട്യൂബിൽക്കൂടി ഇവ പോസ്റ്റ് ചെയ്യാൻ ആലോചിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ജീവിക്കുന്ന രീതി മാറ്റണമെന്ന് അവൾക്കുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ കാര്യമായി ശ്രദ്ധിച്ചാൽ കൂടുതൽ സമ്പാദിക്കാമെന്ന പ്രതീക്ഷയിലാണ് സോണിയ കഴിഞ്ഞിരുന്നത്’’ – മനീഷ് പറഞ്ഞു.
സലീമുമായുള്ള ബന്ധം ഓഗസ്റ്റിലാണ് സോണിയയുടെ കുടുംബം അറിഞ്ഞത്. എപ്പോഴും അസുഖബാധിതയാകുന്നതും വീടിനുപുറത്തേക്കു പോകാതിരിക്കുന്നതും അമ്മ രജനി ദേവിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ‘‘സോണിയ അപ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു. ഒക്ടോബർ ആയപ്പോൾ ഏഴു മാസമായി. ഞങ്ങൾക്കു കുട്ടിയെ വേണമെന്നുണ്ടായിരുന്നു. എന്നാൽ സലീമിന്റെ കുടുംബം അവളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പലവട്ടം ഞങ്ങൾ വിലക്കി. പക്ഷേ, അവൾ സലീമിനെ കണ്ടിരുന്നു’’ – അമ്മ പറഞ്ഞു.
സലീം തൊഴിൽരഹിതനാണെന്നും മാതാപിതാക്കൾക്കും ചേട്ടനും ഭാര്യയ്ക്കുമൊപ്പമാണ് താമസിക്കുന്നതെന്നും അയൽക്കാർ പറയുന്നു. സോണിയയുമായുള്ള ബന്ധം പലർക്കും താൽപര്യമില്ലായിരുന്നു. മതപരമായ വ്യത്യാസങ്ങൾകൊണ്ടുതന്നെ ഇരു വീട്ടുകാരും ബന്ധത്തിൽനിന്നു പിന്മാറാൻ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ പലവട്ടം സലിം സോണിയയുടെ വീട്ടിലെത്തിയിരുന്നുവെന്നും അയൽക്കാർ പറഞ്ഞു.