ഓടിയെത്തി കയ്യിൽ താങ്ങിപ്പിടിച്ചു; 3ാം നിലയിൽനിന്നു വീണ 2 വയസ്സുകാരന് അദ്ഭുത രക്ഷ – വിഡിയോ

Mail This Article
മുംബൈ∙ ഡോംബിവ്‌ലിയിലെ ദേവിച്ചപാഡയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ 2 വയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ യുവാവിന്റെ അവസരോചിത ഇടപെടലാണു വലിയ അപകടം ഒഴിവാക്കിയത്. 13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കളിക്കുകയായിരുന്ന കുട്ടി ബാൽക്കണിയിലെ വിടവിലൂടെയാണ് താഴേക്കു വീണത്.
കുട്ടി കാൽവഴുതി വീഴുന്നതു കണ്ട ഭവേഷ് മാത്രെ എന്ന യുവാവു കുട്ടിയെ കയ്യിൽ താങ്ങിപ്പിടിക്കാൻ ഓടിയെത്തുകയായിരുന്നു. പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി. ആശുപത്രിയിലെത്തിച്ച കുട്ടിയെ സിടി സ്കാൻ അടക്കമുള്ള പരിശോധനകൾക്കു വിധേയമാക്കിയ ഡോക്ടർമാർ കാര്യമായ പരുക്കുകളില്ലെന്ന് അറിയിച്ചിട്ടുണ്ട്.
‘‘കൂട്ടുകാരന്റെ വീട്ടിൽനിന്ന് തിരിച്ചുവരുന്ന വഴിയാണ് മുൻപിലെ കെട്ടിടത്തിലെ മുകളിലെ നിലയിൽനിന്ന് കുട്ടി വീഴുന്നത് കണ്ടത്. ഉടൻ കുട്ടിയെ രക്ഷിക്കാൻ ഓടി. ഇരുകയ്യും നീട്ടി കുട്ടിയെ പിടിക്കാനായിരുന്നു ശ്രമം. പക്ഷേ, കയ്യിൽനിന്ന് വഴുതി കാലിലും തട്ടിയ ശേഷം കുട്ടി താഴേക്കു വീഴുകയായിരുന്നു.’– ഭവേഷ് മാത്രെ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭവേഷിന്റെ കൈകൾക്കു പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിന്റെ ശ്രമത്തെയും ആത്മാർഥതയെയും പ്രശംസിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി.