പെട്ടിക്കടയ്ക്കു മുന്നിൽ ആൾക്കൂട്ടം; തടയാനെത്തിയ പൊലീസുകാരനെ യുവാവ് ചവിട്ടിക്കൊന്നു

Mail This Article
ഏറ്റുമാനൂർ ∙ കാരിത്താസ് ജംക്‌ഷനു സമീപം പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും സിവിൽ പൊലീസ് ഓഫിസറുമായ മാഞ്ഞൂർ ചിറയിൽ സി.കെ.ശ്യാംപ്രസാദ് (44) ആണു കൊല്ലപ്പെട്ടത്. കേസിൽ പെരുമ്പായിക്കാട് ആലിക്കൽ ജിബിൻ ജോർജിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച അർധരാത്രിക്കു ശേഷം എംസി റോഡരികിൽ കാരിത്താസ് ജംക്‌ഷനിലെ ബാർ ഹോട്ടലിനു സമീപം പ്രവർത്തിക്കുന്ന പെട്ടിക്കടയിലാണു സംഭവം. കുടമാളൂരിൽ ഗാനമേള സ്ഥലത്തെ ഡ്യൂട്ടിക്കുശേഷം മാഞ്ഞൂരിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ശ്യാംപ്രസാദ്. പെട്ടിക്കടയ്ക്കു മുന്നിൽ ആൾക്കൂട്ടം കണ്ട് ബൈക്ക് നിർത്തി. ഈ സമയം കട അടയ്ക്കാൻ അനുവദിക്കാതെ നടത്തിപ്പുകാരുമായി തർക്കത്തിലായിരുന്നു ജിബിൻ.

ഇടയ്ക്കിടെ ഈ കടയിലെത്താറുള്ള ശ്യാമിനെക്കണ്ട് ‘പൊലീസ് എത്തിയെന്നും ഇവിടെനിന്നു പോകണമെന്നും’ കട നടത്തിപ്പുകാരി സാലി ശശിധരൻ ജിബിനോട് ആവശ്യപ്പെട്ടു. പ്രകോപിതനായ ജിബിൻ, ശ്യാംപ്രസാദിനു നേരെ തിരിഞ്ഞു. വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ ശ്യാം മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ പാഞ്ഞടുത്ത ജിബിൻ നെഞ്ചിൽ ചവിട്ടിവീഴ്ത്തിയെന്നു ദൃക്സാക്ഷികൾ പറയുന്നു. നിലത്തുവീണതോടെ വീണ്ടും മർദനമേറ്റു. വീണുകിടന്ന ശ്യാമിന്റെ നെഞ്ചിൽ എഴുന്നേറ്റുനിന്ന് പലതവണ ആഞ്ഞുചവിട്ടിയെന്നും പറയുന്നു. ജിബിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ സാലിക്കും സഹോദരൻ ബിജീഷിനും പരുക്കേൽക്കുകയും ചെയ്തു.
പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ.എസ്.ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പൊലീസ് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ നാലുമണിയോടെ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിൻ. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ജിബിൻ 2022 മുതൽ ഗാന്ധിനഗർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ടെന്നു പൊലീസ് പറഞ്ഞു.