വിജേന്ദർ ഗുപ്ത ഡൽഹി നിയമസഭ സ്പീക്കർ; ഗവർണർ നാളെ സഭയെ അഭിസംബോധന ചെയ്യും

Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലെ എട്ടാം നിയമസഭയുടെ സ്പീക്കറായി വിജേന്ദർ ഗുപ്ത തിരഞ്ഞെടുക്കപ്പെട്ടു. 37,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ രോഹിണിയിൽ നിന്നു വിജയിച്ച ബിജെപി എംഎൽഎയാണ് അദ്ദേഹം. വിജേന്ദർ ഗുപ്തയെ സ്പീക്കറാക്കണമെന്ന മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന്, ഡൽഹി മുഖ്യമന്ത്രിയും നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷിയും ചേർന്നു വിജേന്ദർ ഗുപ്തയെ സ്പീക്കർ ഡയസിലേക്ക് ആനയിച്ചു.
ഇന്ന് ആരംഭിച്ച നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ പ്രോടേം സ്പീക്കറായി ബിജെപി എംഎൽഎ അരവിന്ദർ സിങ് ലവ്‌ലിയെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യ നിയമസഭാ സമ്മേളനം മൂന്നു ദിവസം നീണ്ടുനിൽക്കും. സഭയെ നാളെ ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന അഭിസംബോധന ചെയ്യും.