ആപ്പിനെ ‘ലോക്ക്’ ആക്കി സിഎജി: എഎപിയുടെ മദ്യനയത്തിൽ ഡൽഹിക്ക് 2002 കോടിയുടെ വരുമാന നഷ്ടം

Mail This Article
ന്യൂഡൽഹി∙ എഎപി (ആം ആദ്മി പാർട്ടി) സർക്കാർ നടപ്പിലാക്കിയ മദ്യനയം കാരണം ഡൽഹിയിൽ 2002 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത്. 2021 നവംബറിൽ നടപ്പിലാക്കിയ മദ്യനയം 2022ൽ റദ്ദാക്കിയിരുന്നു. എഎപി സർക്കാർ പൂഴ്ത്തിവച്ചിരുന്ന 14 സിഎജി റിപ്പോർട്ടുകൾ ഈ സമ്മേളനത്തിൽ നിയമസഭയില്‍ സമർപ്പിക്കുമെന്നും ബിജെപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
2017-18 മുതൽ 2020-22 വരെയുള്ള എഎപി സർക്കാരിന്റെ കാലത്തെ മദ്യനയ വിവരങ്ങളാണ് ‘ഡൽഹിയിലെ മദ്യവിതരണം, നിയന്ത്രണം എന്നിവയിന്മേലുള്ള പെർഫോർമൻസ് ഓഡിറ്റ്’ എന്ന തലക്കെട്ടോടെയുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. സറണ്ടർ ചെയ്യപ്പട്ടെ ലൈസൻസുകൾ വീണ്ടും ടെൻഡർ ചെയ്തു നൽകാത്തതു കാരണം 890 കോടി രൂപ നഷ്ടവും സോണൽ ലൈസൻസികൾക്ക് അനുവദിച്ച ഇളവുകളിൽ നടപടികൾ എടുക്കാത്തതു കാരണം 941 കോടി രൂപ നഷ്ടവും സംഭവിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി 2021 ഡിസംബർ 28 മുതൽ 2022 ജനുവരി 27 വരെ ലൈസൻസികൾക്ക് 144 കോടിയുടെ ഇളവ് അനുവദിച്ചതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. എക്സൈസ് വിഭാഗത്തിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണ് ഈ ഇളവെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
സിഎജി റിപ്പോർട്ടിലെ മറ്റ് പരാമർശങ്ങൾ:
∙ 2010ലെ ഡൽഹി എക്സൈസ് നിയമത്തിലെ റൂൾ 35 പ്രകാരം മദ്യനയം നടപ്പാക്കാൻ എഎപി സർക്കാരിനു കഴിഞ്ഞില്ല. ഒരാൾക്ക് ഒന്നിലധികം ലൈസൻസുകൾ നൽകുന്നത് തടയുന്നതാണ് റൂൾ 35.
∙ മദ്യനയത്തിൽ ബാർ ഉടമകൾക്ക് ലൈസൻസ് സറണ്ടർ ചെയ്യുന്നതിനു മുമ്പ് നോട്ടിസ് നൽകണമെന്ന നിബന്ധന ഇല്ലായിരുന്നു. വിതരണത്തിൽ ഉൾപ്പെടെ ഇതു തടസ്സമുണ്ടാക്കി.
∙ എക്സൈസിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിഗണിക്കാതെയാണ് എഎപി സർക്കാർ ലൈസൻസ് നൽകിയത്.
രാജ്യ തലസ്ഥാനത്തെ ഭരണസ്തംഭനത്തിനുപോലും ഡൽഹിയിലെ മദ്യനയ അഴിമതി കാരണമായി. തുടർന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ്, അന്നത്തെ എക്സൈസ് മന്ത്രി സത്യേന്ദർ ജെയിൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.