ഹാക്ക്മാന്റെ മൃതദേഹം അടുക്കളയോട് ചേർന്ന്, ബെറ്റ്സിയുടേത് ശുചിമുറിയിൽ, സമീപം ഹീറ്ററും; മരണത്തിൽ ദുരൂഹത

Mail This Article
സാന്റാ ഫെ (ന്യൂ മെക്സിക്കോ, യുഎസ്) ∙ ഹോളിവുഡ് ഇതിഹാസം ജീൻ ഹാക്ക്മനെയും (95) പിയാനിസ്റ്റായ ഭാര്യ ബെറ്റ്സി അരക്കാവയെയും (64) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്നു പൊലീസ്. ജീവനറ്റ നിലയിൽ വളർത്തുനായയും അരികിലുണ്ടായിരുന്നു. ബുധനാഴ്ചയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇരുവർക്കും വെടിയേറ്റതിന്റെയോ മറ്റോ മുറിവുകൾ ഇല്ലെന്നാണ് ഷെരിഫ് ഓഫിസ് വക്താവ് ഡെനിസ് അവില പറഞ്ഞത്. എന്നാൽ, സാന്റാ ഫെ കൗണ്ടി ഷെരിഫ് ഓഫിസിലെ അന്വേഷണ ഉദ്യോഗസ്ഥർ സേർച്ച് വാറന്റ് സത്യവാങ്മൂലത്തിൽ എഴുതിയതാണു സംശയത്തിനു കാരണം. ‘സമഗ്ര പരിശോധനയും അന്വേഷണവും ആവശ്യമായത്ര സംശയാസ്പദം’ ആയ കേസാണെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. ഹാക്ക്മാന്റെ മൃതദേഹം അടുക്കളയോട് ചേർന്നും ബെറ്റ്സിയുടേതു ശുചിമുറിയിലുമാണു കിടന്നിരുന്നത്.
ബെറ്റ്സിയുടെ തലയ്ക്കരികിലായി, വീട് ചൂടാക്കാൻ ഉപയോഗിക്കുന്ന സ്പേസ് ഹീറ്റർ ഉണ്ടായിരുന്നു. പെട്ടെന്നു നിലത്തു വീണപ്പോൾ ഹീറ്ററും വീണതാകാം എന്നാണു സത്യവാങ്മൂലത്തിൽ പറയുന്നത്. മൃതദേഹങ്ങൾ കണ്ടെത്തിയശേഷം, ന്യൂ മെക്സിക്കോ ഗ്യാസ് കമ്പനി വീടിനുള്ളിലെയും പരിസരത്തെയും ഗ്യാസ് ലൈനുകൾ പരിശോധിച്ചിരുന്നു. അതിൽ പ്രശ്നമില്ലായിരുന്നു. കാർബൺ മോണോക്സൈഡ് ചോർന്നതിന്റെയോ വിഷബാധയുടെയോ ലക്ഷണങ്ങൾ കണ്ടെത്തിയില്ലെന്നാണ് അഗ്നിശമനസേനയും പറയുന്നത്.
ഗ്യാസ് ചോർച്ചയുടെ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. പക്ഷേ, ഗ്യാസ് ചോർച്ച ഉണ്ടായാലോ കാർബൺ മോണോക്സൈഡ് ശ്വസിച്ചാലോ വിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കില്ലെന്നും ചൂണ്ടിക്കാട്ടി. മുൻവാതിൽ തുറന്നു കിടന്നിരുന്നതായി വീട്ടിലെ പതിവു ജോലിക്കാരൻ പറഞ്ഞിരുന്നു. ഈ ജോലിക്കാരനാണു മൃതദേഹങ്ങൾ കണ്ടതും പൊലീസിനെ അറിയിച്ചതെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ 911ൽ ഇയാൾ പൊലീസിനെ വിളിച്ചതിന്റെ കോൾ റെക്കോർഡിൽ, വീടിനകത്തു കയറാൻ കഴിയുന്നില്ലെന്നും വാതിൽ പൂട്ടിയിരിക്കുകയാണ് എന്നുമാണു പറയുന്നത്. വീട്ടിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു പ്രാഥമിക നിഗമനം.
∙ 2 ഓസ്കർ നേടിയ നടൻ
1960കൾ മുതൽ 40 വർഷം നീണ്ട കരിയറിൽ എൺപതിലേറെ സിനിമകളിൽ വേഷമിട്ട വേറിട്ട നടനാണ് ജീൻ ഹാക്ക്മൻ. വില്യം ഫ്രീഡ്കിൻ സംവിധാനം ചെയ്ത ‘ദ് ഫ്രഞ്ച് കണക്‌ഷനി’ലെ (1971) ഡിറ്റക്ടീവ് ഡോയ്ൽ എന്ന വേഷം മികച്ച നടനുള്ള ഓസ്കർ നേടിക്കൊടുത്തു. ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ‘അൺഫോർഗിവണി’ലൂടെ 1992 ൽ മികച്ച സഹനടനുള്ള ഓസ്കറും സ്വന്തമാക്കി. 1970കളിൽ അലയടിച്ച പുതുഹോളിവുഡ് തരംഗത്തിൽ സുപ്രധാന പങ്കുവഹിച്ചു.
ലിലിത് (1964), മറൂൺഡ് (1969), ഐ നെവർ സാങ് ഫോർ മൈ ഫാദർ (1971), സ്കെയർക്രോ (1973), ദ് കൊൺവെസെയ്ഷൻ (1974), സൂപ്പർമാൻ (1978 ലും പിന്നീട് 2 തുടർഭാഗങ്ങളിലും), എനിമി ഓഫ് ദ് സ്റ്റേറ്റ് (1987), മിസിസിപ്പി ബേണിങ് (1988), ദ് റോയൽ ടെനൻബൗംസ് (2001) തുടങ്ങിയവയാണ് ശ്രദ്ധ നേടിയ മറ്റു ചിത്രങ്ങൾ. 4 ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും 2 ബാഫ്റ്റ അവാർഡുകളും സ്വന്തമാക്കി; 2 തവണ ഓസ്കർ നേടിയതു കൂടാതെ 3 ഓസ്കർ നാമനിർദേശങ്ങളും ലഭിച്ചു. ചരിത്രനോവലുകളും എഴുതിയിട്ടുണ്ട്.
1930 ജനുവരി 30ന് കലിഫോർണിയയിലാണു ജനനം. 16–ാം വയസ്സിൽ മറീനായി. തുടർന്ന് റേഡിയോ രംഗത്തെത്തി. കലിഫോർണിയയിലെ പസഡിന പ്ലേഹൗസിൽ അഭിനയം പഠിച്ചതിനുശേഷം നാടകരംഗത്തും പിന്നീടു സിനിമയിലുമെത്തി. ഫെയ് മാൾട്ടീസാണ് ആദ്യഭാര്യ. 1991ലാണ് ബെറ്റ്സി അരക്കാവയെ വിവാഹം ചെയ്തത്.