മണാലിയിലെ മണ്ണിടിച്ചിൽ: റോഡിൽ കുടുങ്ങി 2 കോളജുകളിൽനിന്നുള്ള മലയാളി വിദ്യാർഥി സംഘങ്ങൾ

Mail This Article
തിരുവനന്തപുരം∙ മണാലിയിലെ മണ്ണിടിച്ചിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘങ്ങൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെയും കാസർകോട് ചീമേനി എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളും അധ്യാപകരുമാണു ഹിമാചൽ പ്രദേശിൽ കുടുങ്ങിയത്.
തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ 119 വിദ്യാർഥികളും അധ്യാപകരും ഇന്നലെ രാത്രി മുഴുവൻ റോഡിലാണ് കഴിഞ്ഞത്. പഠനയാത്ര കഴിഞ്ഞ് ഡൽഹിയിലേക്ക് പോകും വഴിമണാലി – ഡൽഹി പാതയിലായിരുന്നു മണ്ണിടിച്ചിൽ. ഇന്നു രാവിലെ തിരികെ ഹോട്ടലിൽ പോയി മുറിയെടുത്ത് താമസിച്ചു. റോഡിലെ ഗതാഗത തടസം നീക്കി വൈകിട്ടോടെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കാലാവസ്ഥ അനുകൂലമാണ്.

ചീമേനി എൻജിനീയറിങ് കോളജിൽനിന്നു കഴിഞ്ഞ 20നാണ് ഇലക്ട്രോണിക്സ് ബ്രാഞ്ചിലേയും കംപ്യൂട്ടർ സയൻസ് ബ്രാഞ്ചിലേയും വിദ്യാർഥികൾ ഉത്തരേന്ത്യൻ യാത്രയ്ക്ക് പോയത്. കുളു മണാലിയിലെത്തിയ സംഘം മഞ്ഞ് വീഴ്ച കാരണം രണ്ടു ദിവസം പുറത്തിറങ്ങാതെ കഴിഞ്ഞു. വിനോദയാത്ര ഒഴിവാക്കി ന്യൂഡൽഹിയിലേക്ക് മടങ്ങവേ റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്നാണ് ഇവരും കുടുങ്ങിയത്. ഇലക്ട്രോണിക്സ് ബ്രാഞ്ചിലെ വിദ്യാർഥികൾ കടന്നുപോയ ശേഷമാണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. 20 ആൺകുട്ടികളും 23 പെൺകുട്ടികളും രണ്ട് അധ്യാപകരും മൂന്നു ഗൈഡുകളും രണ്ടു ബസ് ജീവനക്കാരും അടക്കം 50 അംഗസംഘമാണ് റോഡിൽ കുടുങ്ങിയത്.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്. ഗ്രീൻ മണാലി ടോൾ പ്ലാസക്ക് സമീപമാണ് സംഭവം. ഞായറാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങുംവിധത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. മണ്ണ് നീക്കംചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ആശങ്കപ്പെടെണ്ടതില്ലെന്നും കോളജ് അധികൃതർ പറയുന്നു.