റീൽസ് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; വിവാഹ വാഗ്ദാനം നൽകി പീഡനം: ‘തൃക്കണ്ണൻ’ അറസ്റ്റിൽ

Mail This Article
കോട്ടയം ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ. ‘തൃക്കണ്ണൻ’ എന്നറിയപ്പെടുന്ന ഹാഫിസ് സജീവിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്ന ആലപ്പുഴ സ്വദേശിയായ നിയമ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി.
ഒരുമിച്ച് റീൽസ് ഷൂട്ട് ചെയ്യാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇരവുകാട്ടിലെ വീട്ടിലേക്ക് യുവതിയെ ഇയാൾ വിളിച്ചു വരുത്തിയത്. വീടിനു സമീപത്തുള്ള മറ്റൊരു വീട്ടിൽ വച്ചാണ് ഇയാളുടെ ഷൂട്ടും എഡിറ്റിങും നടക്കുന്നത്. ഈ വീട്ടിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. നൂറുക്കണക്കിനു സ്ത്രീകളെ ഇയാൾ പീഡനത്തിനു ഇരയാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു.
ഒരു വർഷമായുണ്ടായിരുന്ന ബന്ധം, വഴക്കിനെ തുടർന്നാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇതിനിടെയാണ് ‘തൃക്കണ്ണൻ’ തന്നെ പറ്റിക്കുകയായിരുന്നെന്ന് യുവതി തിരിച്ചറിഞ്ഞത്. തൃക്കണ്ണനെതിരെ ഇതിനു മുൻപ് രണ്ടുതവണ ആലപ്പുഴ പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ പരാതിക്കാർ പിന്മാറിയതിനെ തുടർന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. 3.64 ലക്ഷം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് ‘തൃക്കണ്ണൻ’ എന്ന ഹാഫിസ്.