‘കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണം’: ജാമ്യഹർജികളിൽ വിമർശനവുമായി ഹൈക്കോടതി

Mail This Article
കൊച്ചി ∙ ആരോഗ്യപ്രശ്നങ്ങളുയർത്തി പ്രതികൾ ജാമ്യം തേടുന്നതിനെതിരെ വീണ്ടും ഹൈക്കോടതി. പാതിവല തട്ടിപ്പുകേസിലെ പ്രതി കെ.എൻ.ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണു കോടതി ഇക്കാര്യം പരാമർശിച്ചത്. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തിൽ ‘കുഴഞ്ഞുവീഴുന്ന’ പ്രവണത പ്രതികൾ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും മറ്റു തടവുകാർക്കും നൽകുന്ന വൈദ്യസഹായങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. പാതിവില തട്ടിപ്പിൽ ആനന്ദകുമാറിന്റെ പങ്കു സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനും സമർപ്പിക്കണം. കേസ് വീണ്ടും അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ആനന്ദകുമാറിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ ജാമ്യഹർജി പരിഗണിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം തേടുന്ന പ്രവണത നല്ലതല്ലെന്ന് കോടതി വിമർശിച്ചിരുന്നു. പിന്നാലെയാണ് ഇന്നും വിമർശനം തുടർന്നത്. ആനന്ദകുമാറിന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയ കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയിലിൽ അദ്ദേഹത്തെ നോക്കാൻ ഉദ്യോഗസ്ഥരില്ലേ എന്ന് കോടതി ആരാഞ്ഞു. തുടർന്നാണ് ആരോഗ്യപ്രശ്നത്തിന്റെ പേരിൽ ജാമ്യം തേടുന്നതിനെതിരെ വിമർശനം ഉയർത്തിയത്.
‘‘മെറിറ്റുണ്ടെങ്കിൽ ജാമ്യം അനുവദിക്കുന്നതിനു കുഴപ്പമില്ല. തടവുകാർക്ക് ആവശ്യമായ ചികിത്സ നൽകാനുള്ള സംവിധാനം ജയിലുകളിൽ ഉണ്ടല്ലോ. ആവശ്യമെങ്കിൽ അവരെ പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ജയിൽ അധികൃതർക്ക് സാധിക്കും.’’– കോടതി ചൂണ്ടിക്കാട്ടി. ജയിൽ എഡിജിപിയെ കേസിൽ കക്ഷി ചേര്‍ത്ത കോടതി, ജയിലിലെ ചികിത്സാ സംവിധാനങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
ഒന്നാം പ്രതി അനന്തുകൃഷ്ണനാണു പാതിവില തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവുമെന്നാണ് ആനന്ദകുമാറിന്റെ ജാമ്യഹർജിയിൽ പറയുന്നത്. എന്നാൽ ആനന്ദകുമാർ ചെയർമാനായ കോൺഫെഡറേഷനാണ് ഈ പണം മുഴുവൻ സ്വീകരിച്ചിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. അപ്പോൾ തട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് എങ്ങനെയാണ് ആനന്ദകുമാറിന് ഒഴിഞ്ഞുമാറാനാവുന്നതെന്നും കോടതി ചോദിച്ചു. കേസിൽ ആനന്ദകുമാറിന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള റിപ്പോർട്ടും സമർപ്പിക്കണമെന്നാണ് കോടതി നിർദേശം.