കമ്രയ്ക്കുള്ള മറുപടി ന്യൂട്ടന്റെ മൂന്നാം ചലനനിയമമെന്ന് ഷിൻഡെ; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

Mail This Article
മുംബൈ∙ സ്റ്റാന്‍ഡ് അപ് കൊമീഡിയൻ കുനാല്‍ കമ്ര തന്നെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചതിന്റെ പേരിൽ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചുതകർത്തിൽ പാർട്ടി പ്രവർത്തകരെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും എന്നാൽ പരിധി ലംഘിക്കരുതെന്നും ഷിൻഡെ പറഞ്ഞു. എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനമുണ്ടെന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഉദ്ധരിച്ചു കൊണ്ടായിരുന്നു പരാമർശം. അതേസമയം, ഉപമുഖ്യമന്ത്രിയെ രാജ്യദ്രോഹി എന്നു വിളിച്ചു അധിക്ഷേപിച്ചതിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് കുനാൽ കമ്രയ്ക്കു ഖാർ പൊലീസ് നോട്ടിസ് നൽകി.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കുനാലിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പുപറയില്ലെന്നും, പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും കുനാൽ കമ്ര പറഞ്ഞു. തനിക്കെതിരെ കേസെടുത്ത പൊലീസ് ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചുതകർത്തവർക്കെതിരെ കേസെടുക്കുമോയെന്നും കുനാൽ ചോദിച്ചു.
ഞായറാഴ്ച നടന്ന ഷോയിൽ ഏക്‌നാഥ് ഷിൻഡയെ ‘രാജ്യദ്രോഹി’ എന്നു വിളിച്ചെന്ന് ആരോപിച്ചാണ് കുനാല്‍ കമ്രയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നത്. ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. പരിപാടിയുടെ വിഡിയോ കുനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണു ശിവസേന പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചെത്തിയത്.