‘കരിമീനൊക്കെ കഴിക്കുമ്പോള്‍ ഇത് ഓര്മ വേണം; കക്കൂസ് മാലിന്യം തട്ടുന്നത് പുഴയിലും കായലിലും’

Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ 82 ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളിലും മനുഷ്യവിസര്‍ജ്യത്തില്‍നിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ തോതിലാണെന്നു തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷ്. കക്കൂസ് മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തട്ടുകയാണു ചെയ്യുന്നതെന്നും കരിമീനൊക്കെ കഴിക്കുമ്പോള്‍ ഇത് ഓര്‍മയില്‍ വേണമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു നടത്തിയ മാധ്യമശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണു ഞെട്ടിപ്പിക്കുന്ന കണ്ടെത്തലെന്നും മന്ത്രി പറഞ്ഞു.
വീടുകളിലൊന്നും ശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കുകള്‍ ഇല്ല. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ ആവശ്യമായ അകലം ഇല്ല. മൂന്നു വര്‍ഷം കൂടുമ്പോള്‍ ഇതു നീക്കം ചെയ്യണമെന്നാണു ശാസ്ത്രീയ മാനദണ്ഡം. നീക്കം ചെയ്താല്‍ ഇത് എവിടെ കൊണ്ടുപോകാനാണ് കഴിയുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ കക്കൂസ് മാലിന്യം പുഴയിലും കായലിലും തട്ടുകയാണ്. കൊച്ചി നഗരത്തിലെ കണക്കെടുത്തപ്പോള്‍ ഒരു ദിവസം 250 ടാങ്കറാണ് മാലിന്യം. അതു സംസ്‌കരിക്കാന്‍ ആവശ്യമായ സംവിധാനം അവിടെ ഉണ്ടായിരുന്നില്ല. നമ്മുടെ ജലസ്രോതസുകള്‍ അത്രമേല്‍ മലിനമായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു വ്യക്തിശുചിത്വത്തിലുണ്ടായ പുരോഗതി പൊതുശുചിത്വത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹികപുരോഗതിയും ജീവിതനിലവാരത്തിലെ ഉയര്‍ച്ചയും വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ മലയാളികളെ ഉയര്‍ച്ചയില്‍ എത്തിച്ചു. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം വൃത്തിയുള്ള നാടാണ്. എന്നാല്‍ സാമൂഹികപുരോഗതിക്കൊപ്പമുള്ള നേട്ടം പൊതുശുചിത്വത്തില്‍ ഉണ്ടായില്ല. വൃത്തിയുള്ള പൊതു ഇടങ്ങള്‍, മാലിന്യസംസ്‌കരണം തുടങ്ങിയ കാര്യത്തില്‍ ഉയര്‍ന്ന പൗരബോധത്തില്‍ അധിസ്ഥിതമായ സമീപനം ഉണ്ടായില്ല. അതാണ് വിളപ്പില്‍ശാല പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമായത്. മാലിന്യത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല എന്ന സമീപനമാണ് ജനങ്ങള്‍ക്കുള്ളത്. എല്ലാ മാലിന്യവും ഒരുമിച്ചു കൂട്ടി കയ്യൊഴിയുന്ന സ്ഥിതിയാണുള്ളത്. അത് വലിയ പ്രതിസന്ധിയിലേക്കാണ് കേരളത്തെ എത്തിച്ചത്. അതിന്റെ ഫലമായിരുന്നു ബ്രഹ്മപുരം. തരംതിരിക്കല്‍ ഒന്നുമില്ലാതെ കൊച്ചിയിലെ മാലിന്യം മുഴുവന്‍ അവിടെ തളളുകയായിരുന്നു. ബ്രഹ്മപുരത്തെ മാലിന്യമലയ്ക്കു തീപിടിച്ച് കൊച്ചി നഗരത്തെ വല്ലാതെ ബാധിച്ചപ്പോഴാണ് മാലിന്യപ്രശ്‌നം കേരളത്തിലാകെ ചര്‍ച്ചയായത്. 12-ാം ദിവസമാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. പ്രശസ്തര്‍ ഉള്‍പ്പെടെ കൊച്ചി വിടാന്‍ പോകുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചപ്പോള്‍ അത് കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നമായി മാറുകയായിരുന്നു. ആപത്തിനെ അവസരമാക്കി മാറ്റും എന്ന് അന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ബ്രഹ്മപുരത്തെ പൂന്തോട്ടമാക്കി മാറ്റുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വലിയ വെല്ലുവിളിയായി അത് ഏറ്റെടുത്താണ് മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.
മാലിന്യശേഖരണത്തിനായി ഹരിതകര്‍മസേന വന്നപ്പോള്‍ വലിയ എതിര്‍പ്പാണ് പലരും ഉയര്‍ത്തിയത്. ചെറിയ യൂസര്‍ഫീസ് കൊടുക്കാന്‍ പോലും ആളുകള്‍ തയാറായില്ല. ഇതു മറികടക്കാനുള്ള നിയമഭേദഗതി ഉള്‍പ്പെടെ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഓരോ വ്യക്തിക്കും മാലിന്യത്തില്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അത് ഏറ്റെടുക്കാന്‍ ആരും തയാറല്ല. ഞങ്ങള്‍ക്ക് ഇഷ്ടം പോലെ മാലിന്യം എവിടെയും വലിച്ചെറിയാന്‍ അവകാശമുണ്ടെന്നും അത് സംസ്‌കരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമുള്ള മനോഭാവമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.