ശമ്പളമില്ലാതെ 5 വർഷം ജോലി; ജീവനൊടുക്കി 24 ദിവസത്തിനു ശേഷം അലീനയ്ക്ക് നിയമന അംഗീകാരം

Mail This Article
താമരശേരി ∙ അഞ്ചു വർഷത്തോളം അധ്യാപികയായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നിക്ക് ഒടുവിൽ നിയമന അംഗീകാരം. മാർച്ച് പതിനഞ്ചിനാണ് അലീന ബെന്നിയെ എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് അംഗീകാരം നൽകിയത്. അപ്പോഴേക്കും അലീന മരിച്ചിട്ട് 24 ദിവസം പിന്നിട്ടിരുന്നു.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കപ്പെടാത്തതിനാൽ ശമ്പള സ്കെയിൽ പ്രകാരമുള്ള നിയമനത്തിനു പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസവേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശേരി എഇഒ നിയമന നടപടി അംഗീകരിച്ച് സമന്വയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് അംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിക്ക് ലഭിച്ചത്.
കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലേക്ക് മാറ്റി നിയമിച്ച 2024 ജൂൺ അഞ്ച് മുതൽ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതനവും അനുബന്ധ ആനുകൂല്യങ്ങളും മാത്രമാണ് അലീനയുടെ കുടുംബത്തിനു ലഭ്യമാകുക. അതിനു മുൻപ് നസ്രത്ത് എൽപി സ്കൂളിൽ 2019 ജൂൺ 17 മുതൽ ഡിസംബർ 31 വരെ താൽകാലിക അടിസ്ഥാനത്തിലും കെ ടെറ്റ് യോഗ്യത നേടിയ ശേഷം 2021 ജൂലൈ 22 മുതൽ പ്രൊബേഷണറി എൽപിഎസ്ടിയായും ജോലി ചെയ്തതിനു നിയമന അംഗീകാരം നിൽകിയിട്ടില്ല. അതിനാൽ ആ കാലയളവിലെ വേതനവും ആനുകൂല്യവും ലഭിക്കില്ല.
കഴിഞ്ഞ ഫെബ്രുവരി 19നാണ് അലീന ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമന അംഗീകാരം നൽകാത്തതിനു താമരശേരി രൂപത കോർപറേറ്റ് മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും പരസ്പരം പഴിചാരുകയാണുണ്ടായത്. ഇതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.