‘മകൾ പീഡിപ്പിക്കപ്പെട്ടു’:ആദിത്യ താക്കറെയ്ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ദിഷ സാലിയന്റെ പിതാവ്

Mail This Article
മുംബൈ ∙ സെലിബ്രിറ്റി മാനേജരായിരുന്ന ദിഷ സാലിയന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പിതാവ് സതീഷ് സാലിയൻ കൂടിക്കാഴ്ച നടത്തി. മകളുടെ മരണത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങൾക്കും പങ്കുണ്ടെന്ന് ആരോപിച്ച് ബോംബെ ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം.
വേണ്ടി വന്നാൽ നുണപരിശോധനയ്ക്ക് തയാറാണെന്നും കുറ്റാരോപിതനായ ആദിത്യ താക്കറെ അതിന് തയാറാകുമോയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സതീഷ് സാലിയനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് എംപിയും ശിവസേന (ഉദ്ധവ്) നേതാവുമായ അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടിരുന്നു. ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ സൂരജ് പഞ്ചോളി, ഡിനോ മോറിയ, കേസ് ഒതുക്കിത്തീർത്തെന്നാരോപിച്ച് അന്നത്തെ പൊലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
പരാതി പൊലീസ് സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്ഐആർ ഇട്ടിട്ടില്ല. ഏപ്രിൽ രണ്ടിനാണ് ബോംബെ ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. 2020 ജൂണിൽ മലാഡിലെ ഫ്ലാറ്റിന്റെ പതിനാലാം നിലയിൽനിന്ന് വീണാണ് ദിഷ മരിച്ചത്. സുശാന്ത് സിങ് ഉൾപ്പെടെ ഒട്ടേറെ പേരുടെ മാനേജരുമായിരുന്ന ദിഷ മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സുശാന്തിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ദിഷ മരിക്കുന്നതിനു മുൻപ് സംഘടിപ്പിച്ച പിറന്നാൾ പാർട്ടിയിൽ ആദിത്യ താക്കറെയും മറ്റും പങ്കെടുത്തെന്നും മകൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് പിതാവിന്റെ ആരോപണം.