‘പുരുഷനേക്കാൾ ബുദ്ധിശാലി; കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്നവർ’; സ്ത്രീയെ നിർവചിച്ച് ട്രംപ്

Mail This Article
വാഷിങ്ടൻ∙ സ്ത്രീയെ നിർവചിക്കാനാകുമോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ മറുപടി വൈറലാകുന്നു. ന്യൂജേഴ്‌സിയിലെ താൽക്കാലിക യുഎസ് അറ്റോർണിയായി അലീന ഹബ്ബ സ്ഥാനമേൽക്കുന്ന ചടങ്ങിലാണു കൗതുകകരമായ ചോദ്യം ഉയർന്നത്.
ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്, അറ്റോർണി ജനറൽ പാം ബോണ്ടി എന്നിവരുൾപ്പെടെ ട്രംപ് ഭരണകൂടത്തിലെ പ്രധാന സ്ഥാനങ്ങളിലെല്ലാം സ്ത്രീകളെ നിയമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എന്താണ് സ്ത്രീയെന്ന് നിർവചിക്കാമോ എന്ന് ട്രംപിനോട് റിപ്പോർട്ടർ ചോദിച്ചത്. ‘‘ഡെമോക്രാറ്റുകൾക്ക് ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടുള്ളതായി തോന്നിയതിനാൽ നിങ്ങളോട് ചോദിക്കുകയാണ്, എന്താണ് സ്ത്രീ?, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?’’ – റിപ്പോർട്ടർ ചോദിച്ചു.
‘‘കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്ന ഒരാളാണ് സ്ത്രീ. സ്ത്രീക്ക് തുല്യതയുണ്ട്. പുരുഷനേക്കാൾ വളരെ ബുദ്ധിശാലിയായ ആളുകളാണ് സ്ത്രീകൾ എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. പുരുഷന് വിജയിക്കാനുള്ള ഒരു സാധ്യത പോലും നൽകാത്ത ആളുകളാണ് സ്ത്രീകൾ’’ – ട്രംപ് പറഞ്ഞു.
പല സാഹചര്യങ്ങളിലും സ്ത്രീകളോട് അന്യായമായാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ വനിതകളുടെ കായിക മത്സരങ്ങളിൽ പുരുഷന്മാർക്ക് പങ്കെടുക്കാം എന്ന ആശയം പരിഹാസ്യം മാത്രമല്ല, അങ്ങേയറ്റം അന്യായവുമാണ്. ഇത് സ്ത്രീകളെ അനാദരിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ്’’ – വനിത കായിക മത്സരങ്ങളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുക്കുന്നതിനെ വിമർശിച്ച് ട്രംപ് പറഞ്ഞു.