ADVERTISEMENT

തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഏപ്രില്‍ ഏഴിനു പുനഃപരീക്ഷ നടത്തും. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷാനടത്തിപ്പില്‍നിന്നു പൂര്‍ണമായി മാറ്റിനിര്‍ത്തും. ഏപ്രില്‍ ഏഴിനു പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുള്ളവർക്കു സൗകര്യപ്രദമായ മറ്റൊരു ദിവസം പരീക്ഷ എഴുതാന്‍ അനുമതി നല്‍കും. മൂന്നു ദിവസത്തിനകം തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാനും തീരുമാനിച്ചു.

അതേസമയം, അധ്യാപകനു പറ്റിയ വീഴ്ചയുടെ പേരില്‍ വീണ്ടും പരീക്ഷ എഴുതണമെന്നതിൽ ശക്തമായ പ്രതിഷേധമാണു വിദ്യാര്‍ഥികള്‍ക്കുള്ളത്. ക്യാംപസ് സെലക്‌ഷന്‍ ഉള്‍പ്പെടെ ലഭിച്ചു പലരും ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ചിലര്‍ വിദേശത്താണുള്ളത്.  ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിവരം ഏറെ ദിവസങ്ങള്‍ മറച്ചുവച്ച സര്‍വകലാശാല ഒടുവില്‍ കുട്ടികളോടു വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായ വിവരം പുറത്തുവരുന്നത്.

പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ ‘പ്രോജക്ട് ഫിനാന്‍സ്’ വിഷയത്തിന്റെ ഉത്തരക്കടലാസ് ആണു നഷ്ടമായത്. അഞ്ച് കോളജുകളിലെ 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ പാലക്കാട്ടുള്ള അധ്യാപകന്റെ പക്കല്‍നിന്നാണു നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്. ഉത്തരക്കടലാസുകള്‍ യാത്രയ്ക്കിടെ ബൈക്കില്‍നിന്നു വീണുപോയെന്നാണ് അധ്യാപകന്റെ വിശദീകരണം.

രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ട എംബിഎ കോഴ്സിന്റെ പരീക്ഷാഫലം രണ്ടര വര്‍ഷമായിട്ടും പ്രഖ്യാപിച്ചിരുന്നില്ല. ഇതു സംബന്ധിച്ചു വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞെങ്കിലും കാരണം വിശദീകരിക്കാന്‍ സര്‍വകലാശാല കൂട്ടാക്കിയിരുന്നില്ല. ഇതിനിടെയാണ് ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ച് വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു ലഭിച്ചത്. ഇതോടെയാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം പുറത്തായത്.

വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിലെ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍ കോളജിനു നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകനോട് ഏപ്രില്‍ നാലിന് സര്‍വകലാശാലയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

MBA Re-Examination: Kerala University orders MBA re-examination after answer sheets went missing. 71 students affected by teacher's negligence, re-exam scheduled for April 7th.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com