സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ അന്തരിച്ചു

Mail This Article
കോഴിക്കോട്∙ സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ (ശ്രീമാനവേദൻരാജ–99) അന്തരിച്ചു. വൈകിട്ട് അഞ്ച് മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. 2014 ഏപ്രിലിൽ പി.കെ.ചെറിയ അനുജൻ രാജ (ശ്രീ മാനവിക്രമൻരാജ) അന്തരിച്ചതിനെ തുടർന്നാണ് ഉണ്ണിയനുജൻ രാജ സാമൂതിരിയായി ചുമതലയേറ്റത്.
അഴകപ്ര കുബേരൻ നമ്പൂതിരിയുടെയും കോട്ടക്കൽ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925 ൽ ജനിച്ച കെ.സി. ഉണ്ണി അനുജൻ രാജ സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റും ചെമ്പൂർ മദ്രാസ് എൻജിനീയറിങ് കോളജിൽ എൻജിനീയറിങ്ങും പൂർത്തിയാക്കി. പെരമ്പൂരിൽ ഇന്ത്യൻ റെയിൽവേയിൽ എൻജിനായറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ജംഷഡ്പൂരിൽ ടാറ്റയിൽ ജോലി ചെയ്തു. എറണാകുളത്തെ എച്ച്എംടിയിൽ നിന്ന് പ്ലാനിങ് എൻജിനീയറായി വിരമിച്ചു. മാലതി നേത്യാർ ആണ് ഭാര്യ. മക്കൾ: സരസിജ, ശാന്തിലത, മായാദേവി
നാളെ രാവിലെ എട്ടര മുതൽ 11 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം. തുടർന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക‌് കോട്ടയ്ക്കൽ കോവിലകം ശ്മശാനത്തിൽ സംസ്കാരം നടത്തും.