അഞ്ചുതെങ്ങ് യുദ്ധത്തിന് 3 നൂറ്റാണ്ട്: ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ അതിസാഹസിക പോരാട്ടം
Mail This Article
ഒരുകൂട്ടം തൊഴിലാളികളും ഇടത്തരം വ്യാപാരികളും നിലനിൽപിനായി ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടത്തിയ അതിസാഹസിക പോരാട്ടം ....
അഞ്ചുതെങ്ങ് വിപ്ലവമെന്നും ആറ്റിങ്ങൽ കലാപമെന്നും അഞ്ചുതെങ്ങ് യുദ്ധമെന്നുമൊക്കെ (അഞ്ചെങ്കോ വാർ) ചരിത്രത്തിൽ വിശേഷണങ്ങളുള്ള കലാപം ഇന്ത്യയിലെ തന്നെ ആദ്യ സ്വാതന്ത്ര്യസമരമാണ്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഇന്ത്യയിൽ ആദ്യമായി ഞെട്ടിച്ച സംഭവമായിരുന്നു 1721ലെ ആ പോരാട്ടം. ആ വിപ്ലവത്തിന് ഈ ഏപ്രിൽ 15ന് 300 തികഞ്ഞു. ഐതിഹാസികമായ ആ സംഭവത്തിനു സ്മാരകമായി അഞ്ചുതെങ്ങ് കോട്ടയല്ലാതെ മറ്റൊന്നും ബാക്കിയില്ല.
ഒരുകൂട്ടം കർഷക – കയർ – മത്സ്യ – നെയ്ത്ത് തൊഴിലാളികളും അവരെ ആശ്രയിച്ചു കഴിയുന്ന കുറെ ഇടത്തരം വ്യാപാരികളും ജീവിക്കാനും ജീവൻ നിലനിർത്താനും വേണ്ടി കോർപറേറ്റ് ഭീമനായ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടത്തിയ അതിസാഹസിക പോരാട്ടമായിരുന്നു അത്.
ആദ്യം പോർച്ചുഗീസുകാരും തുടർന്നു ഡച്ചുകാരും പിന്നീട് ഇംഗ്ലിഷുകാരും എത്തുന്നതിനു മുൻപുതന്നെ തിരുവിതാംകൂറിലെ പ്രശസ്ത വ്യാപാരകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. അക്കാലത്തെ ഏറ്റവും വലിയ ഗതാഗതസാധ്യതയായ ജലപാത അഞ്ചുതെങ്ങിനു സവിശേഷ സ്ഥാനം നൽകിയിരുന്നു. കുരുമുളകും ഏലവും തുണിയും കയറും വിദേശങ്ങളിലേക്കു കടത്തിക്കൊണ്ടുപോകാൻ കടലും കടലിനോടടുത്തു കിടക്കുന്ന വിവിധ ദിശകളിലേക്കുള്ള ജലപാതകളും പ്രയോജനപ്പെട്ടിരുന്നു. ഒരു വ്യാപാരകേന്ദ്രമായതുകൊണ്ടുതന്നെ, ആറ്റിങ്ങൽ രാജ്യത്തെ കേന്ദ്രീകരിക്കുന്ന പ്രധാന പട്ടണമായി അഞ്ചുതെങ്ങ് മാറി.
ഇംഗ്ലിഷ് ഫാക്ടറിയും കോട്ടയും
ഇംഗ്ലിഷുകാർ 1684ൽ അഞ്ചുതെങ്ങിൽ ഫാക്ടറി സ്ഥാപിക്കാൻ അനുമതി തേടുന്നതോടെയാണ് അഞ്ചുതെങ്ങ് വൈദേശിക വ്യാപാര ആധിപത്യത്തിനെതിരെയുളള സമരത്തിന്റെ കേന്ദ്രമായി മാറുന്നത്. ഇംഗ്ലിഷുകാർ ഈസ്റ്റ് ഇന്ത്യാ കമ്പനി മുഖേന അവരുടെ വ്യാപാര രാഷ്ട്രീയത്തിന്റെ കരുക്കൾ നീക്കുന്നതിനു മുൻപ് ഡച്ചുകാരുടെ കുടിയേറ്റസ്ഥാനങ്ങളും ഫാക്ടറിയും അഞ്ചുതെങ്ങിലുണ്ടായിരുന്നു. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവ് സ്വാഭാവികമായും ഡച്ചുതാൽപര്യത്തിന് എതിരായിരുന്നു. അതുകൊണ്ടുതന്നെ ഡച്ചുകാരുമായി വ്യാപാരത്തിലേർപ്പെട്ടിരുന്ന വ്യാപാരിസമൂഹവും അവരുടെ സ്വാധീനത്തിലുള്ള വലിയൊരു ജനവിഭാഗവും കമ്പനിയുടെ അധിനിവേശത്തിന് എതിരായി. ഡച്ച് ആധിപത്യം കുരുമുളകുവില കുറയ്ക്കുമെന്നും രാജ്ഞിയുടെ ശക്തി പരിമിതപ്പെടുത്തുമെന്നും ഭയന്ന ആറ്റിങ്ങൽ ഉമയമ്മ റാണി പരിഹാരമെന്ന നിലയിൽ ഒരു ഫാക്ടറി തുറക്കാൻ ഇംഗ്ലിഷുകാരെ ക്ഷണിച്ചു.
അഞ്ചുതെങ്ങിൽ ഇംഗ്ലിഷ് കമ്പനിയുടെ ഫാക്ടറി സ്ഥാപിക്കുന്നതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. കമ്പനി പിന്തിരിയാതെ വന്നപ്പോൾ 1694 ഓഗസ്റ്റ് 28ന് നാട്ടുകാർ ഫാക്ടറി ആക്രമിക്കുകയും സെറ്റിൽമെന്റ് കൊള്ളയടിക്കുകയും ചെയ്തതായും അതിനുള്ള നഷ്ടപരിഹാരമായി 1695ൽ ആറ്റിങ്ങൽ രാജ്ഞി ഫാക്ടറി പുനർനിർമിക്കാനും മറ്റും 80,000 കല്യാൺ പണം ഇംഗ്ലിഷ് കമ്പനിക്കു നൽകാൻ സമ്മതിച്ചതായും രേഖയുണ്ട്. ഒപ്പം ഒരു ആനയെക്കൂടി കമ്പനിക്കു സമ്മാനിക്കാൻ റാണി തയാറായി. എന്നാൽ, 1693ൽ ആണ് അഞ്ചുതെങ്ങിൽ കോട്ടനിർമാണം ആരംഭിച്ചതെന്ന് കേണൽ ജോൺ ബിഡൽഫ് അഭിപ്രായപ്പെടുന്നു. 1690ലാണ് കോട്ടനിർമാണം തുടങ്ങിയതെന്നു മറ്റു ചില രേഖകളിൽ കാണുന്നു. ‘അഞ്ചെങ്കോയിൽ’ ഒരു കൽക്കോട്ട പണിയാനും എന്നേക്കും അവിടെ താമസിക്കാനും അവർക്ക് അനുവാദം ലഭിച്ചു. പക്ഷേ, അവിടെയൊരു സൈനികത്താവളം നിർമിച്ചത് ഉമയമ്മ റാണിക്ക് ബ്രിട്ടിഷുകാരിലുണ്ടായിരുന്ന വിശ്വാസത്തിൽ മങ്ങലേൽപിച്ചു.
ബ്രിട്ടിഷുകാർ റാണിയുടെ ഇഷ്ടത്തിനു വഴങ്ങിയില്ല. ഏകദേശം 120ൽ അധികം പോർച്ചുഗീസുകാർ ഉൾപ്പെടെയുള്ള സൈന്യത്തെ ഒപ്പം പാർപ്പിച്ചുകൊണ്ട് ആറടിയിലധികം കട്ടിയേറിയ ചുമരും 90 മീറ്ററോളം നീളവും വീതിയുമുള്ള ചതുരാകൃതിയിലുള്ള കോട്ടയുടെ നിർമാണം അവർ ആരംഭിച്ചു. ഡച്ചുകാരെ തടഞ്ഞുനിർത്താനാണു കോട്ടയെന്നാണ് അവർ രാജ്ഞിയെ അറിയിച്ചത്. എന്നാൽ, കോട്ടയിലെ അറുപതു മുതൽ എഴുപതു വരെ പീരങ്കികൾ ഉൾനാടുകളിലേക്കും ആറ്റിങ്ങലിലേക്കും കടലിലേക്കും ചൂണ്ടിനിർത്താനുള്ള കൊത്തളങ്ങൾ കൂടി പണിയാൻ തുടങ്ങിയത് റാണിയിൽ ആശങ്കയുണ്ടാക്കി.
ഈ സംഭവങ്ങൾ ഡച്ചുകാരെയും ഭയപ്പെടുത്തി. ബ്രിട്ടിഷുകാരെക്കുറിച്ച് രാജ്ഞിയുടെ മനസ്സിൽ അവർ സംശയം ജനിപ്പിച്ചു. ഈയവസരത്തിൽ കോട്ടനിർമാണം നിർത്തിവയ്ക്കാൻ രാജ്ഞി ബ്രിട്ടിഷുകാരോട് ആവശ്യപ്പെട്ടു. പക്ഷേ, കമ്പനി മേധാവി ബാരബോൺ അതു കേട്ടഭാവം കാണിച്ചില്ല. കരാർ ലംഘനം മനസ്സിലാക്കിയ റാണി, അഞ്ചുതെങ്ങിലേക്കുള്ള സാധനങ്ങളുടെ വിതരണവും കോട്ടനിർമാണവും നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. അപ്പോഴും കടൽ വഴി ആവശ്യമുള്ള സാധനങ്ങൾ ബ്രിട്ടിഷുകാർക്കു ലഭ്യമായിരുന്നു. പണി തുടർന്നു.
ഇതിൽ പ്രകോപിതയായ റാണി 1697ൽ ആയുധസമേതം സാമാന്യം വലിയൊരു സൈന്യത്തെ അഞ്ചുതെങ്ങിലേക്ക് അയച്ചു. പക്ഷേ, ബ്രിട്ടിഷുകാരുടെ ആധുനിക ആയുധങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ റാണിയുടെ സൈന്യം പരാജയപ്പെട്ടതായി കേണൽ ബിഡൽഫ് ചൂണ്ടിക്കാട്ടുന്നു.
1697 നവംബറിൽ അഞ്ചെങ്കോ ആക്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച പ്രധാന കാരണം, ഇംഗ്ലിഷ് കമ്പനി കുരുമുളകു വ്യാപാര കുത്തക റാണിയിൽനിന്നു സ്വന്തമാക്കിയതാണ്.
ആറ്റിങ്ങലിലെ കുരുമുളകു വ്യാപാര കുത്തകാവകാശം ബ്രിട്ടിഷുകാർ നേടിയെടുത്തതോടെ കർഷകർക്കു കിട്ടിക്കൊണ്ടിരുന്ന വിലയിൽ വളരെ കുറവു വന്നു. കർഷകർ പ്രതീക്ഷിച്ച വില നൽകി സാധനങ്ങൾ വാങ്ങിയിരുന്ന ഡച്ചുകാരെ പൂർണമായി ഒഴിവാക്കിയതും ജനരോഷത്തിനു കാരണമായി. ഭരണതലത്തിൽ ആറ്റിങ്ങൽ റാണിയും ഇടപ്രഭുക്കന്മാരായ എട്ടുവീട്ടിൽ പിള്ളമാരും തമ്മിലുള്ള അധികാര വടംവലിയും പ്രശ്നങ്ങൾക്ക് ആക്കംകൂട്ടി.
1720ന്റെ തുടക്കത്തിൽ, കമ്പനിയുടെ പരിഭാഷകനും പോർച്ചുഗീസ് പുരോഹിതനുമായ ഇഗ്നേഷ്യസ് മൽഹിരോസ് ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന്റെ ഭൂമി വിലയ്ക്കു വാങ്ങിയതു മുതൽ സംഘർഷം നിലനിന്നിരുന്നു. ഈ പ്രശ്നം ഹൈന്ദവരായ പ്രാദേശിക കർഷകയോദ്ധാക്കളെ പ്രകോപിപ്പിച്ചു. ഇതിനിടെ അഞ്ചെങ്കോ കമ്പനി ജീവനക്കാർ ഒരു ബ്രാഹ്മണനെക്കൊണ്ട് കോട്ടയ്ക്കുള്ളിലെ അടിമകളുടെ തലമുടി മുറിപ്പിക്കുകയും താടി വടിപ്പിക്കുകയും ചെയ്തതായും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. ഈ സംഭവം സവർണരിൽ ആശങ്കയും വേദനയും ഉണ്ടാക്കി. മുസ്‌ലിം വ്യാപാരികളെ അധിക്ഷേപിക്കുന്ന പ്രവൃത്തിയും കോട്ടയിൽ നടന്നു. പരാതി പറയാൻ വന്ന മുസ്‌ലിം വ്യാപാരിയുടെ കയ്യിലിരുന്ന വാൾ പിടിച്ചുവാങ്ങി തലയിലടിച്ചു; ശാരീരികമായും മാനസികമായും അപമാനിച്ചയച്ചു.
ചരിത്രം, പോരാട്ടം
റാണിക്കു വ്യാപാരക്കപ്പവും ഉപഹാരങ്ങളും സമ്മാനിക്കാൻ 1721 ഏപ്രിൽ 15ന് അഞ്ചുതെങ്ങ് കോട്ടയുടെ അധിപൻ വില്യം ഗിഫോഡ്, നൂറ്റിയിരുപതോളം കമ്പനി സൈനികരെയും അത്രയും തന്നെ സഹായികളും അടിമകളും ഉൾപ്പെടുന്ന (ആകെ ഇരുനൂറ്റിനാൽപതോളം പേർ എന്ന് ബിഡൽഫിന്റെ ഗ്രന്ഥത്തിൽ) സംഘത്തെയും കൂട്ടി ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ ആറ്റിങ്ങൽ റാണിയുടെ കൊട്ടാരത്തിലേക്കു പുറപ്പെട്ടു.
അഞ്ചുതെങ്ങ് തോണിക്കടവു വഴി കടക്കാവൂർ നിലക്കാമുക്ക് മണനാക്ക് കഴിഞ്ഞു നദിക്കരയിൽ എത്തിയപ്പോൾ വലിയൊരാൾക്കൂട്ടം ഗിഫോഡിനെയും കൂട്ടരെയും എതിരേൽക്കാൻ ഉത്സാഹത്തോടും ആർപ്പുവിളികളോടും കൂടി അവിടെ ഉണ്ടായിരുന്നു. പക്ഷേ, ഗിഫോഡിനെ നദിക്കരയിൽനിന്നു കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകാമെന്നേറ്റിരുന്ന വഞ്ചിമുട്ടം പിള്ള അവിടെ ഉണ്ടായിരുന്നില്ല. അയാൾക്കുവേണ്ടി കാത്തുനിൽക്കാൻ ഗിഫോഡ് തീരുമാനിച്ചു. എന്നാൽ, വഴിയിൽ കേട്ട കിംവദന്തികളെക്കുറിച്ച് പ്രാദേശികഭാഷാ പരിജ്ഞാനമുള്ള, കമ്പനി മുൻ മേധാവി സൈമൺ കൗസ് ഗിഫോഡിനെ അറിയിച്ചു. എന്നാൽ, കൗസിനെ ഗിഫോഡ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമാണു ചെയ്തത്.
അപമാനകരമായ പെരുമാറ്റത്തിൽ മനംനൊന്തവരാണ് ഗിഫോഡിനെ ആദ്യം നേരിട്ടത്. നായർ യോദ്ധാക്കൾ, ബ്രാഹ്മണ പുരോഹിതർ, മുസ്‌ലിം വ്യാപാരികൾ എന്നിവർ സഹായത്തിനുണ്ടായിരുന്നെങ്കിലും പീഡനങ്ങൾ ഏറ്റുവാങ്ങിയ സാമാന്യ ജനങ്ങളാണ് ഗിഫോഡിനും അനുചരന്മാർക്കുമെതിരെ തിരിഞ്ഞത്. ഈ കലാപത്തിൽ ഒരു ചെറുസംഘം സൈനികരൊഴികെ മറ്റെല്ലാവരുംതന്നെ കൊല്ലപ്പെട്ടു. ഗിഫോഡിന്റെ നാവു പിഴുതെടുത്ത് ശരീരം ഒരു മരക്കഷണത്തിൽ തറച്ച് നദിയിലൊഴുക്കി. മൽഹിരോസിനെ കഷണങ്ങളാക്കി നദിയിലെ മീനുകൾക്കു ഭക്ഷണമാക്കി. സൈമൺ കൗസ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടെങ്കിലും അഞ്ചെങ്കോയിലേക്കുള്ള യാത്രാമധ്യേ, കുരുമുളകു വ്യാപാരത്തിൽ അയാൾ പണം കൊടുക്കാനുണ്ടായിരുന്ന വ്യാപാരിയാൽ കൊല്ലപ്പെട്ടു.
ഏപ്രിൽ 15ലെ കലാപം ഒരു ദിവസത്തിലൊതുങ്ങുന്നില്ല. അടുത്ത ദിവസം ആയപ്പോഴേക്കും കൊച്ചിയിൽ നിന്നും കൊല്ലം രാജാവിൽനിന്നും കോട്ടയ്ക്കുള്ളിലേക്കു സഹായമെത്തി. യുദ്ധത്തിൽ വധിക്കപ്പെട്ടവരുടെ ഭാര്യമാരും കുട്ടികളുമുൾപ്പെടെ കമ്പനിയുടെ നൂറ്റൻപതോളം ആശ്രിതരെ കൊല്ലം രാജാവ് സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞതു പ്രകാരം അവരെ കൊല്ലത്തേക്കയച്ചു. നാട്ടുകാരുടെ സേന അഞ്ചുതെങ്ങു കോട്ട വളയുകയും സായ്പന്മാരുടെ സെറ്റിൽമെന്റിനു തീയിടുകയും ചെയ്തു. ആറുമാസക്കാലം, കോട്ട സമ്പൂർണമായും നാട്ടുസൈന്യത്തിന്റെയും നാട്ടുകാരുടെയും പിടിയിലമർന്നിരുന്നു. അതിനിടെ കാർവാറിൽ നിന്നും തലശ്ശേരിയിൽ നിന്നും കൊച്ചിയിൽ നിന്നുമൊക്കെ കമ്പനിയുടെ സൈനികസംഘങ്ങൾ ഘട്ടംഘട്ടമായി അഞ്ചുതെങ്ങ് കോട്ടയിലേക്ക് അയയ്ക്കപ്പെട്ടുവെങ്കിലും 1723 വരെ അഞ്ചുതെങ്ങിൽ ഈ അവസ്ഥ നിലനിന്നു.
1723ൽ അലക്സാണ്ടർ ഓം കമ്പനി മേധാവിയായി അഞ്ചുതെങ്ങിൽ ചുമതലയേറ്റതിനു ശേഷമാണ് കരാർ വ്യവസ്ഥകൾ ആരംഭിച്ചത്. ഉടമ്പടി തിരുവിതാംകൂറിലെ ബ്രിട്ടിഷ് അധിനിവേശത്തെ സംബന്ധിച്ചിടത്തോളം മർമപ്രധാനമാണ്. കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള വ്യവസ്ഥകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു സഹായകമായി എന്നത് കലാപത്തിന്റെ മറുവശം. എട്ടുവീട്ടിൽ പിള്ളമാരുമായി കടുത്ത അധികാര മത്സരത്തിലേർപ്പെട്ടിരുന്ന മാർത്താണ്ഡവർമയുടെ പിൻബലം ബ്രിട്ടിഷ് സൈനിക സഖ്യമായിരുന്നു എന്നും കുളച്ചൽ യുദ്ധം അതിജീവിച്ചു മുന്നേറാൻ, പിൽക്കാലത്ത് മാർത്താണ്ഡവർമയ്ക്കു തുണയായത് 1723ലെ അഞ്ചുതെങ്ങു കരാറാണെന്നും കരുതാം. അഞ്ചുതെങ്ങു കരാറിലൂടെ കമ്പനിയും ബ്രിട്ടിഷ് ചക്രവർത്തിനിയും വേണാടിന്റെ അധികാരത്തിൽ ചുവടുറപ്പിക്കുകയായിരുന്നു.
കലാപത്തിൽ ബ്രിട്ടിഷുകാർക്കുണ്ടായ ആൾനാശത്തിനു നഷ്ടപരിഹാരമായി, കമ്പനിക്ക് വേണാട്ടിൽ എവിടെ വേണമെങ്കിലും ഫാക്ടറി സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം കരാറിലൂടെ കിട്ടി. ഒപ്പം കുളച്ചലിൽ നാണയം അച്ചടിക്കാനുള്ള കമ്മട്ടം സ്ഥാപിക്കാനുള്ള അനുമതിയും നൽകി. ഇനി ഏതെങ്കിലും കാരണത്താൽ അവിടെ കോട്ട സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ കമ്മട്ടം അഞ്ചുതെങ്ങു കോട്ടയിലേക്കു മാറ്റാം. 1723 ഏപ്രിൽ 25ലെ കരാറിൽ അലക്സാണ്ടർ ഓമും തിരുവിതാംകൂറിനായി രാമവർമ രാജാവിനു വേണ്ടി അന്നത്തെ നെയ്യാറ്റിൻകര രാജകുമാരൻ സാക്ഷാൽ മാർത്താണ്ഡവർമയുമാണ് ഒപ്പിട്ടത്.
1726 മാർച്ച് 19ലെ കരാർ അനുസരിച്ച് ഇടവയിൽ ഫാക്ടറി സ്ഥാപിക്കാനുള്ള അനുമതി അഞ്ചെങ്കോ കമ്പനിക്കു നൽകി. 1729 ഏപ്രിൽ 5ലെ കരാറനുസരിച്ച് ആറ്റിങ്ങൽ രാജ്യത്തിന്റെ കുരുമുളകു വ്യാപാര കുത്തക അഞ്ചെങ്കോ കമ്പനിക്കു തന്നെ ലഭിച്ചു. 1735 ഡിസംബർ 15ലെ കരാറനുസരിച്ച് വിഴിഞ്ഞം അഞ്ചെങ്കോയ്ക്കു നൽകിയതായും വില്യം ലോഗൻ മലബാർ മാന്വലിൽ വ്യക്തമാക്കുന്നു.
ആധുനിക തിരുവിതാംകൂറിന്റെ ഉയർച്ചതാഴ്ചകളിൽ അക്കാലത്തു നിർണായക സ്വാധീനശക്തിയായി നിലകൊള്ളാൻ അഞ്ചുതെങ്ങിനു കഴിഞ്ഞിരുന്നു. അവിടത്തെ കമ്പനി സൈന്യത്തിന്റെ സഹായം കൊണ്ടും അവർ നിരന്തരം നൽകിയിരുന്ന ആധുനിക ആയുധങ്ങളുടെ ബലത്തിലുമാണ് അനേകം നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തി മാർത്താണ്ഡവർമ (1729–1758) മഹാരാജാവിന് ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയാകാൻ കഴിഞ്ഞത്. മാർത്താണ്ഡവർമയുടെ ഭരണകാലത്തുടനീളം അഞ്ചുതെങ്ങിന്റെ സഹായം അദ്ദേഹം തേടിക്കൊണ്ടിരുന്നു. തുടർന്നുവന്ന കാർത്തിക തിരുനാൾ (1758–1798) മഹാരാജാവും അമ്മാവന്റെ വാക്കുകൾ ശിരസ്സാവഹിച്ചുകൊണ്ട് അഞ്ചുതെങ്ങിന്റെ സഹായം വാങ്ങി.
പോരാട്ടവേദി
അഞ്ചുതെങ്ങു കലാപം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ച് വ്യക്തമായ രൂപം ഇന്നും ലഭ്യമല്ല. കൊല്ലമ്പുഴ ആറിന്റെ പടിഞ്ഞാറേക്കരയോ അല്ലെങ്കിൽ മണനാക്കോ അതിനു സമീപമുള്ള ഏലാപ്പുറമോ ആണ് കലാപവേദിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടിനും അതിന്റേതായ സാധ്യതകളുണ്ട്. കേണൽ ബിഡൽഫിന്റെയും അലക്സാണ്ടർ ഹാമിൽട്ടന്റെയും പുസ്തകങ്ങളിൽ കാണുന്നത് അഞ്ചുതെങ്ങ് കോട്ടയിൽനിന്നു നാലു മൈൽ (6 കിലോമീറ്റർ) അകലെയുള്ള നദിക്കര എന്നാണ്.
കമ്പനി ആസ്ഥാനത്തുനിന്നു മണനാക്ക് ഏലാപ്പുറം എത്തുമ്പോഴേക്കും ഏഴു കിലോമീറ്റർ ആകുന്നു. അവിടെനിന്നു കൊല്ലമ്പുഴയിലേക്ക് വീണ്ടും മൂന്നു നാലു കിലോമീറ്റർ ശേഷിക്കുന്നു. ഈ രണ്ടിടങ്ങളും ഇന്ന് കടയ്ക്കാവൂർ പഞ്ചായത്തിന്റെ ഭാഗമാണ്.